കൊച്ചി: കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതക കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ മാതാപിതാക്കളുടെ പ്രതിഷേധം. കൊച്ചിയിലെ സിബിഐ ഓഫീസിന് മുന്നിലാണ് ഇരുവരുടെയും മതാപിതാക്കളും ബന്ധുക്കളും പ്രതിഷേധം സംഘടിപ്പിച്ചത്. സിബിഐ ഓഫീസിന് മുന്നിൽ നടത്തിയ സൂചന സത്യാഗ്രഹ സമരം ജസ്റ്റിസ് പി.കെ.ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്‌തു. പെരിയ കൊലക്കേസ് സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം - cbi enquiry
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാനുള്ള ഉന്നത ഇടപെടൽ നടക്കുന്നുവെന്ന് സംശയിക്കുന്നതായി കൃപേഷിന്‍റെ പിതാവ് കൃഷ്‌ണൻ ആരോപിച്ചു
ദ്രുതഗതിയിൽ അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണം. രാഷ്ട്രീയ കൊലപാതകങ്ങളിൽ ആസൂത്രണം ചെയ്യുന്ന യഥാർഥ കുറ്റവാളികൾ രക്ഷപെടുകയാണ്. കൊലപാതകങ്ങൾ ആവർത്തിക്കുന്നതിന് ഇത് കാരണമാകുന്നു. ജനാധിപത്യ സംവിധാനത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മാത്രമാണ് അനുമതിയുള്ളത്. അല്ലാതെ പരസ്‌പരം ആക്രമണം നടത്താനല്ലെന്നും ജസ്റ്റിസ് ഓർമിപ്പിച്ചു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ഏറെ വേദനയുണ്ടക്കുന്നുവെന്ന് ശരത്ത് ലാലിന്‍റെ പിതാവ് സത്യനാരയണൻ പറഞ്ഞു. സിബിഐയിൽ വിശ്വാസമുള്ളത് കൊണ്ടാണ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ലോകത്ത് ഏറ്റവും വലിയ വേദന ഏറ്റുവാങ്ങേണ്ടി വന്ന തങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വൻതുക ചെലവഴിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ സംവിധാനത്തിൽ പിന്നെ എവിടെയാണ് നീതിയെന്നും സത്യനാരായണൻ ചോദിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാനുള്ള ഉന്നത ഇടപെടൽ നടക്കുന്നുവെന്ന് സംശയിക്കുന്നതായി കൃപേഷിന്‍റെ പിതാവ് കൃഷ്‌ണനും പറഞ്ഞു. കൃപേഷിന്‍റെ മാതാവ് ബാലമണി, സഹോദരി കൃഷ്‌ണപ്രിയ, ശരത് ലാലിന്‍റെ മാതാവ് ലത, സഹോദരി അമൃത എന്നിവരും മറ്റു ബന്ധുക്കളും സൂചന സത്യാഗ്രഹത്തിൽ പങ്കെടുത്തു.