എറണാകുളം: 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത് പെരിന്തൽമണ്ണയിലെ ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ഇത് എണ്ണാതെ മാറ്റിവച്ച ഉദ്യോഗസ്ഥ നടപടിയാണ് തന്‍റെ തോൽവിക്ക് കാരണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം.
ഹൈക്കോടതി നിർദേശപ്രകാരം വോട്ട് പെട്ടി ഹാജരാക്കാൻ ശ്രമിച്ചപ്പോൾ പെട്ടിയിൽ ഒന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ഈ പെട്ടിയിൽ ഉണ്ടായിരുന്നില്ല.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച പിറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കലക്‌ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനോട് കക്ഷി ചേരൽ അപേക്ഷ നൽകാൻ നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടാണ് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായ കെപിഎം മുസ്‌തഫ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
പിന്നാലെ 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ട് കൂടി എണ്ണണമെന്നും കാണിച്ച് കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
ഇതിനിടെ തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റാൻ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. പിന്നാലെ കേസിലെ നിർണായക തെളിവുകളിലൊന്നായ തപാൽ വോട്ടുകൾ സൂക്ഷിച്ച രണ്ടു പെട്ടികളിൽ ഒന്ന് കാണാതാവുകയായിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച പെട്ടിയാണ് കാണാതായത്.
സംഭവത്തിൽ വിവാദം പടരുന്നതിനിടെ പെട്ടി മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കലക്‌ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു.