എറണാകുളം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ. സംഭവത്തില്‍ ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.
അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയതായാണ് റിപ്പോർട്ട്.
ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്‍റ് രജിസ്‌ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ പരിഗണനയിൽ ഉള്ളത്. വോട്ട് പെട്ടികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഹൈക്കോടതി നേരത്തെ തുറന്നു പരിശോധിച്ചിരുന്നു. സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ രണ്ട് പെട്ടികളിൽ റിട്ടേണിങ് ഓഫിസറുടെയുൾപ്പെടെ ഒപ്പില്ലായെന്നും കണ്ടെത്തിയിരുന്നു. ചിതറിക്കിടന്ന രേഖകൾ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണ് എന്നാണ് ഇവ പരിശോധിച്ച ഹൈക്കോടതിയുടെ വിലയിരുത്തല്‍.
തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിരുന്നു.