എറണാകുളം : പറവൂരിലെ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹോദരി ജിത്തു. വിസ്‌മയയെ കത്തിച്ചത് ജീവനോടെയെന്ന് ജിത്തു പൊലീസിനോട് പറഞ്ഞു. മാതാപിതാക്കൾ സഹോദരിയെ കൂടുതല്‍ സ്നേഹിച്ചതിനാലാണ് വകവരുത്തിയതെന്നുമാണ് മൊഴി.
ജിത്തുവിനെ അന്വേഷണ ഉദ്യോഗസ്ഥർ പറവൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിസ്‌മയയെ കൊലപ്പെടുത്തിയ രീതിയും രക്ഷപ്പെട്ട വഴിയും ജിത്തു പൊലീസിന് കാണിച്ചുകൊടുത്തു. ജിത്തു ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
വിസ്‌മയയും ജിത്തുവും തമ്മിൽ സ്ഥിരമായി വീട്ടിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പതിവുപോലെ അന്നും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ജിത്തുവിന് മാനസിക വിഭ്രാന്തിയുള്ളതിനാൽ കൈകൾ കൂട്ടിക്കെട്ടിയ ശേഷമായിരുന്നു മാതാപിതാക്കളായ ശിവാന്ദനും ജിജിയും സംഭവ ദിവസം പുറത്തുപോയത്. അതിനിടയിൽ ശുചിമുറിയിൽ പോകാനായി കൈകളുടെ കെട്ടഴിക്കാൻ ജിത്തു ആവശ്യപ്പെട്ടു.
പറവൂർ വിസ്‌മയ കൊലപാതകം; സഹോദരി ജിത്തുവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു Also Read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ ഊഷ്‌മള സ്വീകരണം
വിസ്‌മയ കെട്ടഴിച്ചതോടെ ജിത്തു ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പലതവണ വിസ്‌മയയുടെ നേരെ വീശി. നെഞ്ചിലും കാലിലും കുത്തി പരിക്കേൽപിച്ചു. വിസ്‌മയയുടെ കാൽ സോഫയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് ജിത്തു തല്ലിത്തകർത്തു. പിന്നീട് വിസ്‌മയുടെ ദേഹത്തും മുറിക്കുള്ളിലും മണ്ണെണ്ണ ഒഴിച്ചു.
മറ്റൊരു തുണിയിൽ തീ കൊളുത്തിയ ശേഷം എറിയുകയായിരുന്നു. കൃത്യത്തിന് ശേഷം ജിത്തു രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റി. പിന്നീട് മുൻ ഗെയ്റ്റ് അകത്ത് നിന്നും പൂട്ടി മറുവശത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. പറവൂർ ടൗണിൽ നിന്നും ചെറായി എടവനക്കാട് വന്നിറങ്ങി. അവിടെ നിന്നും രണ്ട് കാറുകളിലായി ലിഫ്റ്റ് ചോദിച്ചാണ് എറണാകുളത്ത് എത്തിയത്. പിന്നീട് എം ജി റോഡിലെ സെൻട്രൽ മാളിലെത്തി ജോലി അന്വേഷിച്ചു. പിന്നീട് പല ഹോട്ടലുകളുടെ റിസപ്ഷനിലും ബസ് സ്റ്റോപ്പുകളിലുമായി മാറിമാറി തങ്ങി.
കത്തി വീശുന്നതിനിടയിൽ ഉണ്ടായ വിരലുകളിലെ മുറിവുകൾ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി ഡ്രസ് ചെയ്‌തു. ലക്ഷദ്വീപ് സ്വദേശിനി ഷമി എന്ന പേരിലാണ് ചികിത്സ തേടിയത്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെ പട്രോളിങ് പൊലീസാണ് ഇവരെ പിങ്ക് പൊലീസിന് കൈമാറിയത്. പിന്നീട് കാക്കനാട്ടെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നുമാണ് പൊലീസ് ജിത്തുവിനെ വ്യാഴാഴ്‌ച രാത്രി കണ്ടെത്തിയത്. നിലവിൽ ജിത്തുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്.