എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എയെ പ്രതിചേർത്തു. കേസ് അന്വേഷിക്കുന്ന വിജിലൻസാണ് ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കിയത്. ഇതേ തുടർന്ന് അദ്ദേഹത്തിന്‍റെ ആലുവയിലെ വസതിയിൽ വിജിലൻസ് സംഘം റെയ്‌ഡ് നടത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് റെയ്‌ഡ് നടത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇബ്രാഹിം കുഞ്ഞിന്‍റെ അറിവോടെയാണ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതെന്ന് നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറി കൂടിയായ ടി.ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം ഇബ്രാഹിം കുഞ്ഞിലേക്ക് നീങ്ങിയത്.
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്‌ഡ് - v k ibrahimkunj
മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെയാണ് റെയ്‌ഡ്
പാലാരിവട്ടം പാലം നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിക്ക് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ തുക അനുവദിച്ചുവെന്നാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. ടി.ഒ സൂരജാണ് അഴിമതിയിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച് ആദ്യം വിജിലൻസിനോട് വെളിപ്പെടുത്തിയത്. മന്ത്രിയുടെ അറിവോടെയാണ് മുൻകൂർ തുക അനുവദിച്ചതെന്നും പലിശയില്ലാതെ തുക നൽകാനാണ് മന്ത്രി നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഏഴ് ശതമാനം പലിശ നിശ്ചയിച്ചത് താനാണെന്നുമായിരുന്നു സൂരജ് നൽകിയ മൊഴി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
ടി.ഒ സൂരജിന്‍റെ മൊഴി വസ്‌തുതാ വിരുദ്ധമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്. എന്നാൽ പണം മുൻകൂറായി അനുവദിക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളിൽ അന്നത്തെ മന്ത്രിയുടെ പങ്ക് വ്യക്തമായതോടെയാണ് വിജിലൻസ് അദ്ദേഹത്തെ പ്രതിയാക്കിയത്. ഇതേ തുടർന്നാണ് കൂടുതൽ രേഖകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്തിയത്.