എറണാകുളം:പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലം നിർമ്മാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്‍റെ ചുമതലയിലുള്ള പത്ര സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടറോട് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കേസിലെ പണമിടപാട് സംബന്ധിച്ച് വിജിലൻസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലം നിർമാണ കമ്പനിയായ ആർ ഡി എസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേസിലെ ഒന്നാം പ്രതിയുമായ സുമിത് ഗോയലിന്റെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മുൻമന്ത്രിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി വന്നിരിക്കുന്നത്.