കൊച്ചി: ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലാരിവട്ടം പാലം പരിശോധിച്ചത്. രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വരെ ഗുരുതര പാളിച്ചയുണ്ടെന്നാണ് ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ കണ്ടെത്തല്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാൻ മൂന്ന് മാസം വേണ്ടിവരും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ പാലം അടച്ചിടേണ്ടി വരുമെന്നും സംഘം അറിയിച്ചു.
പാലാരിവട്ടം മേല്‍പ്പാലം: നിര്‍മ്മാണത്തില്‍ ഗുരുതര പാളിച്ചയെന്ന് വിദഗ്ധ സംഘം - ചെന്നൈ ഐഐടി
രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വരെ ഗുരുതര പാളിച്ചയുണ്ടെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം.
പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ ഗുരുതര വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിര്‍മ്മാണ ചിലവില്‍ കുറവ് വരുത്താൻ കമ്പനിയും കരാറുകാരും ശ്രമിച്ചതാകാം ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണത്തിന്ഉത്തരവിട്ടിരുന്നു. 72 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പാണ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടാൻ തീരുമാനിച്ചത്. മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചത്.