എറണാകുളം:കേരളത്തിന്‍റെ പ്രത്യേകതകൾ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് സർക്കാർ രൂപം നൽകിയതെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി കെഎസ്‌ഐഡിസി കൊച്ചിയിൽ ഇന്ന് സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നൽ നൽകിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കാലഹരണപ്പെട്ട നിയമം പരിഷ്‌കരിക്കും':സൺറൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും നയം ലക്ഷ്യമിടുന്നു. ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പ്രത്യേകം ടീമിന് രൂപം നൽകും. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിൽ ഇന്‍റേണുകൾ വഹിച്ച പങ്ക് വിലയിരുത്തിയിട്ടുണ്ട്. കേരളത്തെ ബ്രാന്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരള ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉത്‌പന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കും.
കയറ്റുമതി വർധിപ്പിക്കാൻ പ്രത്യേകം ഊന്നൽ നൽകും. വ്യവസായങ്ങൾക്കായി പ്രത്യേക ഇളവുകളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനും പരിശോധനകൾ സുതാര്യമാക്കുന്നതിനും സർക്കാർ തയ്യാറായി. നിക്ഷേപ സൗഹ്യദ റാങ്കിങില്‍ മികച്ച നേട്ടം കൈവരിച്ചത് ഇതിന്‍റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.