കേരളം

kerala

ഓപ്പറേഷന്‍ പി-ഹണ്ട്; 21 പേര്‍ അറസ്റ്റില്‍

By

Published : Apr 2, 2019, 10:37 AM IST

Updated : Apr 2, 2019, 2:04 PM IST

സംസ്ഥാനം ഒട്ടാകെ പൊലീസ് പരിശോധന തുടരുകയാണ്. ഇനിയും അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓപ്പറേഷന്‍ പി-ഹണ്ട് ; റെയ്ഡില്‍ 21 പേര്‍ അറസ്റ്റ്റ്റിൽ

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പൊലീസ് നടത്തിയ പരിശോധനയില്‍ 21 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 29 സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, യുഎസ്ബി ഡ്രെവ് മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. 12 ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഓപ്പറേഷന്‍ പി-ഹണ്ട് എന്നാണ് പരിശോധനക്ക് പേര് നല്‍കിയിരിക്കുന്നത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്താനും ധാരാളം ഗ്രൂപ്പുകള്‍ മനസ്സിലാക്കാനും അന്വേഷണത്തിലൂടെ കഴിഞ്ഞു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയുമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബര്‍ ഡോമിനെയോ സൈബര്‍സെല്ലിനെയോ ഹൈടെക് സെല്ലിനെയോ അറിയിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം അഭ്യർഥിച്ചു.

വാട്സാപ്, ഫേസ്ബുക്ക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ നിലപാട്. വാട്സാപ്പിലൂടെ കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുളള വീഡിയോകൾ വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വീഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ ലഭിക്കും.

Last Updated : Apr 2, 2019, 2:04 PM IST

ABOUT THE AUTHOR

...view details