എറണാകുളം: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ 1934 ലെ യഥാർഥ നിയമാവലി ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കാത്തത് കള്ളത്തരം പുറത്തുവരുമെന്ന ഭീതി മൂലമാണെന്ന് യാക്കോബായ സഭാ നേതൃത്വം ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഭരണഘടനയുടെ പകർപ്പ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാൽ അത് നൽകാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും യാക്കോബായ സഭാ വക്താവ് ഡോ കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ നിയമത്തെ വെല്ലുവിളിക്കുന്നു; യാക്കോബായ നേതൃത്വം
ഭരണഘടനയുടെ പകർപ്പ് സര്‍ക്കാരിന് നല്‍കാത്തതില്‍ ദുരൂഹത. നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകള്‍ വരുത്തി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം വരുത്തിയെന്നും വിമര്‍ശനം.
സുപ്രീംകോടതി അംഗീകരിച്ച ഭരണഘടനയുടെ കൈപ്പുസ്‌തകം 1934 മുതല്‍ 2018 വരെ ആറ് തവണ അച്ചടിച്ചതില്‍ വൈരുധ്യമുണ്ട്. നിയമാനുസൃതം നോട്ടീസ് നല്‍കി മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി ഭേദഗതികള്‍ വരുത്തുന്നതിന് പകരം നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സഭയുടെ പേര്, തലവന്‍, പൗരോഹിത്യത്തിന്‍റെ പിന്തുടര്‍ച്ച, ആത്മീയ പരമാധ്യക്ഷന്‍റെ പരമാധികാരങ്ങള്‍ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം വരുത്തി.
യഥാർഥ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി ഒരുമാസം മുമ്പ് തങ്ങള്‍ക്ക് ലഭിച്ചതായി മെത്രാപ്പൊലീത്ത അവകാശപ്പെട്ടു. ഇത് പരിശോധിച്ച് വിധി തിരുത്താനുള്ള സാധ്യത നിയമപരമായി പരിശോധിക്കും. ഭരണഘടന സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന് ഭരണഘടന നല്‍കാതെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. 1934ലെ ഭരണഘടന അംഗീകരിച്ച് കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത് വസ്‌തുതാവിരുദ്ധമാണ്. അന്ത്യോഖ്യാ സിംഹാസനത്തെ അംഗീകരിക്കുന്ന ഭരണഘടനയെ സ്വീകരിക്കുമെന്ന് മാത്രമാണ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.