എറണാകുളം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങൾക്കെതിരെ കണക്കിന് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചർച്ച നടത്താതെ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവന വാസ്‌തവ വിരുദ്ധമെന്നാണ് വി.ഡി സതീശൻ പറഞ്ഞു.
ഇതിനു മുൻപ് നടക്കാത്തത്ര ചർച്ചയാണ് ഇത്തവണ നടത്തിയത്. രണ്ട് തവണ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തി. ഒന്നോ രണ്ടോ നേതാക്കളുടെ അഭിപ്രായം മാത്രം പരിഗണിച്ചല്ല ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയത്. ജനാധിപത്യ രീതിയിൽ ചർച്ചകൾ പൂർത്തിയാക്കിയാണ് ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ ഈ സ്ഥാനം എന്തിന്?
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയ ലിസ്റ്റ് പൂർണമായി അംഗീകരിക്കാനാണെങ്കിൽ താൻ ഈ സ്ഥാനത്ത് വേണമായിരുന്നോ എന്നും എ.കെ ആന്‍റണിയും കരുണാകരനും മാറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വന്നപ്പോൾ അവരോട് ചർച്ച നടത്തിയാണോ തീരുമാനമെടുത്തതെന്നും വി.ഡി സതീശൻ ചോദിക്കുന്നു.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. ഒരു വശത്ത് പ്രഖ്യാപനം വൈകുന്നുവെന്ന് പറയുമ്പോൾ തന്നെ മറുവശത്ത് ചിലർ ഇത് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.