എറണാകുളം: ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന ഗവർണറുടെ നിലപാട് നിയമ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണറുടെ നിലപാട് നിയമപരമായി ചോദ്യം ചെയ്യും. നിയമനുസരിച്ച് അദ്ദേഹം ചാൻസലർ പദവിയിൽ തുടരണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ ആവശ്യപ്പെട്ടു.
ചാൻസലർ പദവി ഏറ്റെടുക്കാൻ നിയമപരമായി ബാധ്യതയുള്ള ആളാണ് ഗവർണർ. നിയമസഭ പാസാക്കിയ സർവകലാശാല നിയമമനുസരിച്ച് ചാൻസലർ ഗവർണറാണ്. നിയമസഭ നിയമ ഭേദഗതി വരുത്തിയാൽ മാത്രമേ ചാൻസലർ പദവി ഒഴിയാൻ ഗവർണർക്ക് കഴിയുകയുള്ളൂ.
പദവി ഏറ്റെടുക്കില്ലെന്ന് പറയാൻ ഗവർണർക്ക് യാതൊരു അധികാരവുമില്ലന്നും വി.ഡി.സതീശൻ പറഞ്ഞു. ഗവർണർ ഇത്തരമൊരു നിലപാട് എടുക്കാനുള്ള കാരണം വേറൊരു വിഷയമാണ്. ഗവൺമെന്‍റ് നടത്തിയ നിയമവിരുദ്ധമായ ഇടപടലാണ് ഇതിന് കാരണമെന്ന കാര്യത്തിൽ സംശയമില്ല.