എറണാകുളം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്താനുളള സർക്കാർ തീരുമാനം യുവാക്കളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിന്‍റെ തുടക്കമാണന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
'പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയര്‍ത്തിയത് യുവാക്കളോടുള്ള വഞ്ചന'; വി ഡി സതീശന്‍ 'കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു കൂടിയാലോചനയുമില്ലാതെയാണ് ഒറ്റയടിക്ക് പെൻഷൻ പ്രായം നാലുവർഷം കൂടെ കൂട്ടി ഉയര്‍ത്തിയത്. ഇത് ചതിയും വഞ്ചനയുമാണന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത്രയും നാൾ പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയായിരുന്നു സിപിഎം'.
'എന്നാൽ, തുടർ ഭരണം കിട്ടിയതോടെ കേരളത്തിലെ യുവാക്കളെ മുഴുവൻ വഞ്ചിച്ചുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള സംഘടനകൾക്ക് ഇതിൽ എന്താണ് പറയാനുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ തെരുവിൽ സമരം ചെയ്‌തവരാണിവർ'.
'പല പൊതുമേഖല സ്ഥാപനങ്ങളിലും ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കൾ വിളിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തിയാണ് സർക്കാർ തീരുമാനമെടുത്തത്. പെൻഷൻ പ്രായം ഉയർത്താനുള്ള കാരണമെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ ശക്തിയായി എതിർക്കുന്നു. യുഡിഎഫ് യുവജന സംഘടനകൾ സമര രംഗത്തുണ്ടാകുമെന്നും അതിന് തങ്ങൾ പിന്തുണ നൽകുമെന്നും' വി.ഡി സതീശൻ അറിയിച്ചു.
'സിപിഎം അവരുടെ വിദ്യാർഥി യുവജന പ്രസ്‌താനങ്ങളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. തൃശ്ശൂരിലെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രിൻസിപ്പലിന്‍റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. എന്തിനാണ് ഈ പൊലീസെന്നും പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുന്നത് എന്തിനാണെന്നും' വി.ഡി.സതീശൻ ചോദിച്ചു.
'സ്വന്തം പാർട്ടിയിൽപെട്ടയാളുകൾ അധ്യാപകന്‍റെയും, സാധാരണക്കാരുടെയും നേരെ കുതിര കയറുമ്പോൾ നടപടിയെടുക്കാത്തത് എന്ത് കൊണ്ടാണ്. വിലക്കയറ്റത്തെ കുറിച്ച് മുഖ്യമന്ത്രി മൗനത്തിലാണ്. അരിയുടെ വില മാത്രമല്ല പതിമൂന്ന് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും'.
'സപ്ലൈക്കോയിൽ സാധനങ്ങൾ കിട്ടാത്ത സാഹചര്യമാണുള്ളത്. പൊതു മാർക്കറ്റിൽ ഇടപെടൽ നടത്താൻ സർക്കാറിനോ, സർക്കാറിന്‍റെ ഏജൻസികൾക്കോ കഴിയുന്നില്ല. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് മറ്റന്നാൾ മുതൽ സമരം തുടങ്ങുകയാണ്. യുഡിഎഫും സമരം തുടങ്ങുമെന്ന്' വി.ഡി.സതീശൻ വ്യക്തമാക്കി.