എറണാകുളം:കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കി. പന്തപ്ര കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള 40 കുട്ടികൾക്കാണ് പഠന സൗകര്യമൊരുക്കിയതെന്ന് ആന്‍റണി ജോണ്‍ എം.എല്‍.എ പറഞ്ഞു.
പന്തപ്ര ആദിവാസി കോളനിയിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമൊരുക്കി
പന്തപ്ര കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള വിവിധ ജില്ലകളിലായി വിദ്യാഭ്യാസം നടത്തി വന്നിരുന്ന 40 കുട്ടികൾക്കാണ് പഠന സൗകര്യമൊരുക്കിയത്.
ആദിവാസി മേഖലകളിൽ പുതിയതായി എട്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കുട്ടമ്പുഴ പഞ്ചായത്തിൽ പതിനാറോളം ആദിവാസി ഊരുകളാണ് ഉള്ളത്. ഇവിടത്തെ 124 കുട്ടികൾക്കാണ് അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കുന്നത്. അതോടൊപ്പം തന്നെ വിവിധ അങ്കണവാടികൾ വഴിയും, ലൈബ്രറികൾ വഴിയും മുഴുവൻ കുട്ടികൾക്കും ഓൺ ലൈൻ വിദ്യാഭ്യാസ സൗകര്യമൊരുക്കും. ഇതോടെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുങ്ങുമെന്നും ആന്‍റണി ജോണ്‍ എം.എൽ.എ കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ എറണാകുളം ഏരിയ കമ്മിറ്റിയുടേയും കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടേയും എൻ.ജി.ഒ യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പന്തപ്രകോളനിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടി.വി, ഡി.റ്റി.എച്ച് കണക്ഷൻ അനുബന്ധ പഠനസാമഗ്രികളും ലഭ്യമാക്കിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം, റ്റി.ഡി.ഒ ജി അനിൽകുമാർ, എസ്.എഫ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ്, ജില്ല പ്രൊജക്ട് കോർഡിനേറ്റർ ഉഷ മാനാട്ട്, ബി.ആർ.സി കോർഡിനേറ്റർ ജ്യോതിഷ് പി, എസ്.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.