കൊച്ചി: മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകിയ കേസിൽ മൂന്നുപേരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
മരട് ഫ്ലാറ്റ് കേസ് : നിർമാണ കമ്പനി ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ - maradu latest news
അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാ കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും ഈ മാസം 25 ന് ശേഷം ഹാജരാകുമെന്നും ഇദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.