എറണാകുളം :ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യുവാവിന്, പുതുജീവനേകി യാത്രക്കാരിയായ നഴ്‌സ്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഷീബ അനീഷാണ് യുവാവിന്‍റെ രക്ഷകയായത്. വ്യാഴാഴ്‌ച വൈകുന്നേരം ആറുമണിയോടെ അങ്കമാലിയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെയാണ് സംഭവം.
ബസില്‍ കുഴഞ്ഞുവീണ് യുവാവ് ; ജീവന്‍റെ മിടിപ്പേകി സഹയാത്രികയായ നഴ്‌സ് - Ernakulam todays news
വ്യാഴാഴ്‌ച വൈകിട്ട് ആറുമണിയോടെ അങ്കമാലിയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെയാണ് സംഭവം
കുഴഞ്ഞുവീണ യുവാവിന്‍റെ അവസ്ഥ കണ്ട് സഹയാത്രക്കാർ ബസ് നിർത്താൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതേ ബസിൽ യാത്രക്കാരിയായ നഴ്‌സ് യുവാവിന്‍റെ പൾസ് പരിശോധിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി. ഹൃദായാഘാത സാധ്യത മനസിലാക്കിയ ഷീബ യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ ബസിൽ കിടത്തി സി.പി.ആർ നൽകി.
ഹൃദായാഘാതം സംഭവിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമാണ് ഹൃദയ ശ്വസന പുനരുജ്ജീവനം അല്ലെങ്കില്‍ കാർഡിയോ പൾമനറി റിസസിറ്റേഷൻ (സി.പി.ആർ). പല തവണ സി.പി.ആർ നൽകിയതോടെയാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു. ബോധം വീണ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ബസ് യാത്രതുടർന്നത്. സംഭവമറിഞ്ഞതോടെ നിരവധി പേരാണ് ഷീബ അനീഷിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.