കൊച്ചി: എറണാകുളം ജില്ലക്ക് ആശ്വാസമേകി കൊവിഡ് പരിശോധന ഫലങ്ങൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജില്ലയിൽ അഞ്ച് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 31 ആയി. ജില്ലയിൽ ഇതുവരെ 14 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ ആകെ 5,312 പേരാണ് നിരീക്ഷണത്തിലുള്ളത്.
എറണാകുളത്തിന് ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല - കൊവിഡ് പരിശോധന ഫലങ്ങൾ
നിരീക്ഷണ കാലയളവ് പൂർത്തിയായതിനാൽ 869 പേരെ ഒഴിവാക്കി. 75 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
ചൊവ്വാഴ്‌ച പുതിയതായി 648 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് പൂർത്തിയായതിനാൽ 869 പേരെ ഒഴിവാക്കി. കൊവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 36 പേരും നിരീക്ഷണത്തിലാണ്. 75 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളതെന്ന് മന്ത്രി വിഎസ് സുനില്‍കുമാർ പറഞ്ഞു.
45,000 ത്തോളം വരുന്ന അതിഥി തൊഴിലാളികൾ ജില്ലയിലെ 350 കേന്ദ്രങ്ങളിലായി താമസിക്കുന്നു. ഇവർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും അവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലും അതാത് ദിവസങ്ങളിലെ മെനു പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരൊക്കെ ഭക്ഷണം കഴിക്കുന്നു എന്ന രജിസ്റ്ററും ക്യാമ്പുകളില്‍ സൂക്ഷിക്കണം. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും വിളിച്ചറിയിക്കാനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എല്ലാ ക്യാമ്പുകളിലും പ്രദര്‍ശിപ്പിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന ഒമ്പത് വോളന്‍റിയര്‍മാരാണ് ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും കലക്‌ടർ നേരിട്ട് വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.