എറണാകുളം : കൊച്ചി തീരത്ത് നാവികസേനയുടെ വന്‍ ലഹരിവേട്ട. 200 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് വിദേശികളെ നാവികസേന പിടികൂടി. ഇറാന്‍, പാകിസ്ഥാൻ പൗരന്മാരാണ് പിടിയിലായവർ.
കൊച്ചി തീരത്ത് വൻ ലഹരിവേട്ട ; 200 കോടി വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് വിദേശികൾ പിടിയിൽ
പുറംകടലിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട ബോട്ട് പരിശോധിച്ചപ്പോഴാണ് നാവികസേന ഹെറോയിന്‍ പിടികൂടിയത്. ഇറാൻ, പാകിസ്ഥാൻ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ പക്കൽ മതിയായ യാത്രാരേഖകൾ ഉണ്ടായിരുന്നില്ല.
നാവികസേന പുറംകടലിൽ നടത്തിയ പരിശോധനയിൽ സംശയകരമായ രീതിയിൽ ഒരു ബോട്ട് കണ്ടെത്തി. ഇതിലുള്ളവര്‍ക്ക് മതിയായ യാത്രാരേഖകൾ ഉണ്ടായിരുന്നില്ല. ഇതോടെ ബോട്ട് പിടിച്ചെടുത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇതോടെ ബോട്ടും ബോട്ടിലുണ്ടായിരുന്നവരെയും കൊച്ചിയിലെത്തിച്ചു.
കസ്റ്റഡിയിലുള്ളവരുടെ പേരിൽ, യാതൊരുവിധ രേഖകളും കൈവശമില്ലാത്തതിനും നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചതിനും കേസെടുത്തു. കൂടുതൽ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഇറാന്‍, പാക് സ്വദേശികളാണ് ഇവരെന്ന് വ്യക്തമായത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും നാവികസേന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. എൻസിബി ഉദ്യോഗസ്ഥർ പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.