ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പ്ലാന്‍റിന്‍റെ സുരക്ഷ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചു. പ്ലാന്‍റ് നാളെ മുതൽ പ്രവർത്തനം തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.
പ്ലാന്‍റിന്‍റെ സുരക്ഷയ്ക്കായി ഒമ്പത് സെക്യൂരിറ്റി ജീവനക്കാരെ പുതിയതായി നിയമിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളിലായി മാർച്ച് അഞ്ചിനകം രണ്ട് എച്ച്ഡി ക്യാമറകള്‍ ഉള്‍പ്പെടെ 10 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഉത്തരവായി. അപകട സാഹചര്യങ്ങളിൽ പുഴയിൽ നിന്നും പ്ലാന്‍റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി മൂന്ന് മോട്ടോറുകൾ സ്ഥാപിക്കും. മാലിന്യത്തിൽ നിന്നും ഊറിവരുന്ന മലിനജലം ലീച്ചേറ്റ് ചെയ്യുന്നതിന് ലീച്ചേറ്റ് ട്രീറ്റ് മെന്‍റ്പ്ലാൻ്റ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. അപകട സന്ദർഭങ്ങളിൽ ഫയർഎൻജിന് പോകാനായി മാലിന്യങ്ങൾ പ്രത്യേക കൂമ്പാരമായി തിരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.