കൊച്ചി: കല്ലട ബസ്സിലെ യാത്രക്കാരെ മര്‍ദ്ദിച്ച് വഴിമധ്യേ ഇറക്കിവിട്ട സംഭവത്തില്‍ ബസുടമ കല്ലട സുരേഷ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളാണ് ഹാജരാകാൻ കഴിയാത്തതിന്‍റെ കാരണമായി സുരേഷ് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് കല്ലട സുരേഷിന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കേസന്വേഷണം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അദ്ദേഹത്തിന് മുന്നിലാണ് ഹാജരാകേണ്ടത്.
യാത്രക്കാർക്ക് മര്‍ദ്ദനം: പൊലീസിന് മുന്നില്‍ ഹാജരാകാതെ സുരേഷ് കല്ലട - മര്‍ദ്ദനം
ആരോഗ്യ പ്രശ്നമെന്ന് ബസുടമ കല്ലട സുരേഷ്. ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ്.
മൊഴി രേഖപ്പെടുത്തിയശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞദിവസം ഹാജരാകുമെന്ന് കരുതിയിരുന്നെങ്കിലും സുരേഷ് എത്തില്ലെന്ന് അറിയിക്കുകയായിരുന്നു.
കമ്പനി മാനേജര്‍ ഉള്‍പ്പെടെ ജീവനക്കാരായ ജയേഷ്, ജിതിന്‍ എന്നിവരെ മരട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷമാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്. സംഭവം ആസൂത്രിതമാണോ എന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ നീക്കം.