കൊച്ചി:മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറിൽ തലക്ക് പരിക്കേറ്റ ജോർജ് അലക്‌സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.15ഓടെ എറണാകുളം ഐജി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. എംഡിയുടേത് ഉൾപ്പെടെ രണ്ട് ഇന്നോവ കാറുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.
മുത്തൂറ്റ് എംഡിക്ക് കല്ലേറില്‍ പരിക്ക്
മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചിയിലെ ഹെഡ് ഓഫീസിലേക്ക് വരികെയായിരുന്നു കാറിന് നേരെ കല്ലേറുണ്ടായത്. വാഹനത്തിന്‍റെ മുൻഭാഗത്ത് നിന്നും ഭാരമേറിയ കോൺക്രീറ്റ് കട്ട ഉപയോഗിച്ചായിരുന്നു എറിഞ്ഞത്. കൂടെയുണ്ടായിരുന്ന മകൻ ഈപ്പൻ ജോർജ് അലക്‌സാണ്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിൽ സിഐടിയു ആണെന്ന് ഈപ്പൻ ആരോപിച്ചു. തന്‍റെ പിതാവിന് നേരെ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ സിഐടിയു നേതൃത്വത്തിൽ ഒരു വിഭാഗം തൊഴിലാളികൾ സമരം ചെയ്‌തിരുന്നു. പ്രശ്‌നപരിഹാരത്തിന് വേണ്ടി മന്ത്രിതലത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെടുകയും സമരത്തിന് നേതൃത്വം നൽകിയ ജീവനക്കാരെ മാനേജ്മെന്‍റ് പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിഐടിയു രംഗത്തെത്തിയിരുന്നു. എന്നാൽ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുത്തൂറ്റ് ഫിനാൻസ് എംഡിക്ക് നേരെ ആക്രമണം നടന്നത്.