എറണാകുളം : മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തെരച്ചിൽ ഇന്നും തുടരുന്നു (Munambam Boat Accident). ശനിയാഴ്‌ച രണ്ട് പേരുടെയും ഞായറാഴ്‌ച ഒരാളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു (Search continues for the fisherman). വൈപ്പിൻ സ്വദേശി ശരത്ത്, മോഹനൻ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്‌ച കണ്ടെത്തിയത്.
വൈപ്പിൻ സ്വദേശി ഷാജിയെന്ന ത്വാഹയുടെ മൃതദേഹമായിരുന്നു ഞായാറാഴ്‌ച (ഒക്‌ടോബര്‍ 8) കിട്ടിയത്. ഇവരുടെ മൃതദേഹങ്ങൾ ശനിയാഴ്‌ചയും ഇന്നലെയുമായാണ് സംസ്‌കരിച്ചത്. അവശേഷിക്കുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് വേണ്ടിയാണ് നിലവിൽ തെരച്ചിൽ തുടരുന്നത്. ആലപ്പുഴ സ്വദേശി രാജുവിനെയാണ് ഇനിയും കണ്ടെത്താനുള്ളത്. നേവി, കോസ്‌റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.
മുനമ്പത്ത് വള്ളം മറിഞ്ഞ് വ്യാഴാഴ്‌ച ഒക്‌ടോബര്‍ 5 നായിരുന്നു ഏഴ് പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വൈപ്പിൻ സ്വദേശികളായ ശരത്ത്, ഷാജി, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് രക്ഷപെട്ടവർ നൽകിയ വിവരം. കടലിലുണ്ടായിരുന്ന ഒരു ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്.
ഈ ബോട്ടിലെ മൂന്ന് തൊഴിലാളികളെ വ്യാഴാഴ്‌ച രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഈ മൂന്ന് തൊഴിലാളികളെയും ഇവരായിരുന്നു രക്ഷപ്പെടുത്തിയത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കോസ്‌റ്റ് ഗാർഡിന്‍റെയും നേവിയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ് മൂന്ന് പേരെ കണ്ടെത്തിയത്.