എറണാകുളം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ജന്മദിനാഘോഷനിറവില്‍ ഇസ്‌ലാം മത വിശ്വാസികൾ. മുഹമ്മദ് നബിയുടെ 1494-ാം ജന്മദിനത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികൾക്കാണ് കൊച്ചിയിൽ തുടക്കമിട്ടത്. പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശപ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.
മുഹമ്മദ് നബിയുടെ ജന്മദിനാഘോഷനിറവില്‍ വിശ്വാസികൾ
63 വർഷത്തെ തന്‍റെ മാതൃകപരമായ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് ചരിത്രം മുഹമ്മദ് നബിയെ വിലയിരുത്തുന്നത്. മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും അനുസ്‌മരിച്ചാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.
ജനങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വിളംബരം ചെയ്യുകയാണ് നബിദിനാഘോഷമെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്‌ജിദ് ഇമാം അബ്‌ദുസലാം സഖാഫി പറഞ്ഞു. വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്. മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മദ്രസാ വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്രകൾ നബിദിനാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഖുറൈശി ഗോത്രത്തിൽ ആമിന, അബ്‌ദുല്ല ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി ജനിച്ചത്. യുദ്ധവും മദ്യവുമുൾപ്പടെ സർവ അരാചകത്വവും കൊടികുത്തി വാഴുകയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്‌തിരുന്ന സമൂഹത്തെ പരിഷ്‌കരിക്കുകയെന്ന ദൗത്യമാണ് പ്രവാചകൻ മുഹമ്മദ് നബി നിർവഹിച്ചത്. 63 വർഷത്തെ തന്‍റെ മാതൃകപരമായ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് ചരിത്രം മുഹമ്മദ് നബിയെ വിലയിരുത്തുന്നത്. മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും അനുസ്‌മരിച്ചാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.