മോൻസണ്‍ മാവുങ്കൽ കേസിൽ പ്രതികരണവുമായി കെ സുധാകരൻ എറണാകുളം : മോൻസൺ മാവുങ്കലുള്‍പ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയാക്കിയതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നാളെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്‌തമാക്കി.
നാളെ കോഴിക്കോട് ഒരു ക്യാംപില്‍ പങ്കെടുക്കാനുണ്ട്. സാവകാശം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് കത്ത് നൽകും. മൂന്ന് ദിവസം മുമ്പാണ് തനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് ലഭിച്ചത്. നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ചായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.
കേസിനെ കുറിച്ച് താൻ പഠിക്കുകയാണ്. എങ്ങനെയാണ് കേസിൽ പ്രതിയായത് എന്നതിനെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കും. മോൻസണ്‍ കേസിൽ യാതൊരു പങ്കുമില്ല. നേരത്തെയും ഇത് വ്യക്തമാക്കിയതാണ്. പരാതിക്കാരുമായി യാതൊരു ബന്ധവുമില്ല.
മോൻസണൊപ്പം പലരും ഫോട്ടോ എടുത്തിട്ടുണ്ട്. തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ ഗൂഢാലോചനയാണ്. കാലം കരുതി വച്ചത് കാത്തിരിക്കുന്നു എന്ന് പിണറായി ഓർക്കണമെന്നും കെ സുധാകരൻ പറഞ്ഞു. ഈ കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് തനിക്ക് സംശയമില്ല. മുഖ്യമന്ത്രിയുടെ തട്ടിപ്പ് കേസുകൾ പൊതുമധ്യത്തിൽ വലിച്ച് കീറുമെന്നും സുധാകരൻ വ്യക്‌തമാക്കി.
മോൻസണിന് പണം നൽകിയതിന് താൻ സാക്ഷിയല്ല. താൻ ഒരു തവണ മോൻസണിന്‍റെ വീട്ടിൽ പോയ വേളയിൽ അവിടെ ഒരു നടനുണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരും സംസാരിച്ചിരിക്കുമ്പോൾ അപ്പുറത്ത് മൂന്ന് പേർ മാറിയിരുന്നു സംസാരിക്കുന്നത് കണ്ടിരുന്നു. അവരോട് താൻ സംസാരിച്ചിട്ടില്ല.
ഈ കേസിന് പിറകിൽ മറ്റൊരു ശക്തിയുണ്ടോ എന്ന് സംശയിക്കുന്നു. മോൻസൺ എവിടെയും തൻ്റെ പേര് പറഞ്ഞിട്ടില്ല. താൻ ചികിത്സയുടെ ഭാഗമായാണ് അവിടെ പോയത്. ഫലം കിട്ടാതെ വന്നതോടെയാണ് ചികിത്സ അവസാനിപ്പിച്ചത്. മോൻസണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ മോൻസണ്‍ ക്ഷമാപണം നടത്തുകയും ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്‌തതിനാലാണ് നിയമ നടപടി വേണ്ടന്ന് വച്ചത്. താൻ പത്ത് ലക്ഷം വാങ്ങിയെന്നാണ് ആരോപിക്കുന്നത്. തനിക്ക് കോടികളുടെ വാഗ്‌ദാനം ലഭിച്ചിട്ടും വനം മന്ത്രിയായ കാലത്ത് ഒരു അഴിമതിയും നടത്തിയിട്ടില്ല.
പിന്നെയാണോ മോൻസണിന്‍റെ പത്ത് ലക്ഷമെന്നും കെ സുധാകരൻ ചോദിച്ചു. ജീവിക്കാനായി ഒരു പാട് പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഒരുപാട് കടൽ താണ്ടി വന്നവനാണ് താനെന്നും ഇത് കൈത്തോടാണെന്നും അദ്ദേഹം പരിഹസിച്ചു.
സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് : കഴിഞ്ഞ ദിവസമാണ് മോൻസണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തത്. കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു.
പിന്നാലെ ബുധനാഴ്‌ച കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടിസും നൽകിയിരുന്നു. മോന്‍സണ്‍ മാവുങ്കലുമായി കെ.സുധാകരന് അടുത്ത ബന്ധമുണ്ടെന്നാണ് പരാതിക്കാർ ആരോപണമുന്നയിച്ചത്. മോന്‍സണിന് പണം നൽകുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും ഇവർ മുഖ്യമന്ത്രിക്കുൾപ്പടെ നൽകിയ പരാതിയിൽ വ്യക്‌തമാക്കിയിരുന്നു.
കൂടാതെ ഫെമ പ്രകാരം തടഞ്ഞുവച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാൻ സുധാകരൻ മോൻസണിനെ സഹായിച്ചുവെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചിരുന്നു.