എറണാകുളം : കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ(Ansi Kabeer Anjana Shajan death case) കാർ ഓടിച്ച അബ്‌ദു റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്ന് ഹോട്ടലുടമ റോയി വയലാട്ടും(Roy Vayalat) ജീവനക്കാരും. അപകടത്തിൽപ്പെട്ടവർ ഹോട്ടലിൽ വച്ച് സ്വന്തം നിലയിൽ പാർട്ടിക്ക്(DJ Party at Number 18 hotel) എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഹോട്ടൽ ഉടമ റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹോട്ടലിൽ വച്ച് ഒരു അനിഷ്‌ട സംഭവവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു വാദം.
തന്നെ രണ്ട് ദിവസം വിളിച്ചുവരുത്തി പൊലീസ് മാനസികമായി പീഡിപ്പിച്ചു. ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചെന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് ബന്ധമില്ലെന്നും ഹോട്ടലുടമ വാദിച്ചു.
കിലോമീറ്ററുകൾ അകലെ നടന്ന അപകടത്തിൽ തങ്ങൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയത് ആശ്ചര്യകരമാണെന്ന് ഹോട്ടൽ ജീവനക്കാരായ മറ്റ് പ്രതികൾ വാദിച്ചു. അപകടം സംഭവിച്ചതിന് തങ്ങൾ പങ്കാളികളല്ല. അപകടം നടന്ന വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്‍റെ ഡ്രൈവർ കേസിൽ ഇപ്പോഴും പ്രതിയല്ലെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.