മഹാരാജാസില്‍ അധ്യാപകനായി സാനുമാഷ് എറണാകുളം: മഹാരാജാസ് കോളജിന്‍റെ (Maharajas College) മര ഗോവണികൾ കയറി സ്വാത്വികനായ ആ മനുഷ്യൻ വീണ്ടുമെത്തി. അത് മറ്റാരുമായിരുന്നില്ല തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന എം കെ സാനു (MK Sanu) എന്ന സാനുമാഷായിരുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അതേ മലയാള വിഭാഗം ക്ലാസ് മുറിയിലാണ് ഒരിക്കൽ കൂടി അധ്യാപകനായി എത്തിയത്.
സാഹിത്യത്തെ കുറിച്ചുള്ള സാനുമാഷിന്‍റെ ക്ലാസ് പലർക്കും കലാലയ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കായിരുന്നു. സാഹിത്യ നിരൂപകനായ മാഷ് കവിതയെ കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. 'കവിതയെന്നാൽ ജീവിതത്തിന്‍റെ ഒരു അളവാണ്. കവിതയില്ലാതെ മനുഷ്യന് ജീവിച്ച് കൂടെയെന്ന് ചോദിച്ചാൽ തീർച്ചയായും ജീവിക്കാം. കവിതയും സാഹിത്യവുമില്ലാതെയാണ് അധികമാളുകളും ജീവിക്കുന്നത്. പിന്നെയെന്തിനാണ് കവിത കൊണ്ടുവരുന്നത്. കവിത ന്യൂനപക്ഷത്തിന്‍റേത് ആകുമ്പോഴും ഭൂരിപക്ഷത്തിന് പ്രചോദനമായി മാറുകയാണ്' -സാനുമാഷ് വിശദീകരിച്ചു.
ഏതാണ്ട് എല്ലാവരും സാഹിത്യം ഉപേക്ഷിച്ച ഈ കാലഘട്ടത്തിൽ മനസു വേദനിപ്പിക്കുന്ന വാർത്തകളാണ് അധികവും വായിക്കേണ്ടിവരുന്നത്. തന്‍റെ കുട്ടിക്കാലത്ത് ഇത്തരം സംഭവങ്ങളേ ഇല്ലായിരുന്നുവെന്നും സാനുമാഷ് ചൂണ്ടികാണിച്ചു. സ്വതസിദ്ധമായ ശൈലിയിൽ വള്ളത്തോൾ ഉൾപ്പടെയുടെ യുള്ള കവികളുടെ കവിതകൾ ആവശ്യാനുസരണം മേമ്പൊടിയായി ചേർത്ത്, വിശദീകരിച്ചായിരുന്നു സാനുമാഷ് അരമണിക്കൂറിലധികം നീണ്ട ക്ലാസ് പൂർത്തിയാക്കിയത്.
നാല് പതിറ്റാണ്ടിന് മുമ്പ് പല ബാച്ചുകളിലായി മഹാരാജാസിൽ സാനുമാഷിന്‍റെ ക്ലാസില്‍ ഇരുന്നവരായിരുന്നു വിദ്യാർഥികൾ. വർധക്യത്തിലേക്ക് പ്രവേശിച്ചവരും വിശ്രമ ജീവിതം നയിക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സാനുമാഷിന്‍റെ അനുഗ്രഹം വാങ്ങിയാണ് പഴയ ശിഷ്യർ തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍റെ ക്ലാസിലിരുന്നത്.
തലമുറകളെ സ്വാധീനിച്ച അധ്യാപകരുടെ അധ്യാപന ശൈലി ദൃശ്യവത്കരിക്കുന്ന ബുക്ക്‌മാർക്കിന്‍റെ 'പ്രചോദനത്തിന്‍റെ പ്രവാചകർ' എന്ന പരമ്പരയ്ക്ക് വേണ്ടിയാണ് എം കെ സാനുവും മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും മഹാരാജാസ് കോളജിൽ പൂർവ വിദ്യാർഥികൾക്ക് ക്ലാസെടുത്തത്. പഠിച്ചതും പഠിപ്പിച്ചതും സെന്‍റ് തോമസ് കോളജിലാണെങ്കിലും മഹാരാജാസ് കോളജിൽ ക്ലാസ് എടുക്കാൻ ക്ഷണിച്ചപ്പോൾ തന്നെ മനസു നിറഞ്ഞുവെന്ന് സി രവിന്ദ്രനാഥ് (C Raveendranath) പറഞ്ഞു.
സുസ്ഥിര വികസനത്തെ കുറിച്ചായിരുന്നു അദ്ദേഹം ക്ലാസെടുത്തത്. 'വികസനം എന്ന വാക്ക് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. വികസനത്തെ കുറിച്ച് മുതലാളിത്വം ചില ആശയങ്ങൾ സമൂഹത്തിന് നൽകിയിട്ടുണ്ട്. അത് ഇന്നും നിലനിൽക്കുകയാണ്. സമ്പത്തിന്‍റെ വർധനവാണ് വികസനമെന്നും കണ്ണഞ്ചിപ്പിക്കുന്നത് ചുറ്റും ഉണ്ടാക്കുന്നതാണ് വികസനമെന്നും ഇന്നും വിശ്വസിക്കുകയാണ്. എന്നാൽ ഇതൊന്നും വേണ്ടയെന്ന് ആരും പറയുന്നില്ല.
എന്നാൽ അത് മാത്രമാണ് വികസനമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ ഉണ്ട്. ഉത്‌പാദന വർധനവിന് വേണ്ടി എന്തും ചെയ്യുന്നത് തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വികസനത്തെ കുറിച്ച് പുതിയ ചിന്ത സമൂഹത്തിൽ ഉയർന്നു വരണം. എല്ലാ മനുഷ്യരുടെയും ജീവികളുടെയും സസ്യങ്ങളുടെയും ജീവൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന സാമൂഹ്യ പ്രക്രിയയാണ് വികസനം' -രവീന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു.
പ്രത്യേകിച്ച് പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും പ്രശ്‌നങ്ങൾക്ക് പടിപടിയായി പരിഹാരം കാണുന്നതാണ് സുസ്ഥിര വികസനം. കേരളത്തിലെ വികസനം സുസ്ഥിരവികസനത്തോട് ചേർന്ന് നിൽക്കുന്നതാണന്നും സി രവീന്ദ്രനാഥ് പറഞ്ഞു. ആധുനികലോകത്തെ തെറ്റായ വികസന സങ്കല്‍പ്പത്തെയും മാഷ് ക്ലാസിൽ പങ്കെടുത്തവരെ പഠിപ്പിച്ചു.
പ്രമുഖരായ നിരവധി അധ്യാപകരുടെ ക്ലാസുകൾ ഇതിനകം ബുക്ക് മാർക്ക് ചിത്രീകരിച്ചിട്ടുണ്ട്. ഇവ വിവിധ ലൈബ്രറികൾ, യുണിവേഴ്‌സിറ്റികൾ എന്നിവയ്ക്ക് സെപ്‌റ്റംബർ 5ന് അധ്യാപക ദിനത്തിൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്. അതേസമയം പ്രമുഖരായ ഗുരുക്കൻമാരുടെ ക്ലാസുകൾ അനശ്വരമാക്കുകയെന്ന ലക്ഷ്യവും ക്ലാസുകൾ ദൃശ്യവത്‌കരിക്കുന്നതിന്‍റെ പിന്നിലുണ്ട്.