എറണാകുളം:ജില്ലയിൽ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്ത് ജിയോ ട്യൂബുകൾ ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജൂൺ 15നും 20നും ഇടയിൽ ഈ പ്രവൃത്തി പൂർത്തിയാക്കും. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി, ബസാർ, കമ്പനിപ്പടി, വാച്ചാക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കൽ എന്നിവിടങ്ങളിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെല്ലാനത്ത് ജിയോ ട്യൂബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി, ബസാർ, കമ്പനിപ്പടി, വാച്ചാക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ജില്ലാ കലക്‌ടർക്കാണ് പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഇതിന് നേതൃത്വം നൽകും. നേരത്തെ എസ്റ്റിമേറ്റ് നടത്തിയ സ്ഥലത്തേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും ഇതോടൊപ്പം അനുവദിക്കും. സമയബന്ധിതമായി പ്രവർത്തനങ്ങൾ തീർക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ചെല്ലാനത്തെ പതിനേഴ് കിലോമീറ്ററോളം വരുന്ന സ്ഥലത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് അടുത്ത ബുധനാഴ്‌ചക്കകം കലക്‌ടറേറ്റിൽ യോഗം ചേരും. ഇറിഗേഷൻ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി യോഗത്തിൽ പങ്കെടുക്കും. ഹൈബി ഈഡൻ എംപി, കെ.ജെ മാക്‌സി എംഎൽഎ, ജില്ലാ കലക്ടർ എസ് സുഹാസ് എന്നിവരും മന്ത്രിയോടൊപ്പം ചെല്ലാനം മേഖല സന്ദർശിച്ചു.