മില്‍മ ഓണ്‍ വീല്‍സ് കൊച്ചിയില്‍ എറണാകുളം: കൊച്ചി നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് മിൽമയുടെ വില്‍പന കേന്ദ്രമായി രൂപമാറ്റം വരുത്തിയ ആനവണ്ടി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെഎസ്ആർടിസിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മില്‍മ ഓണ്‍ വീല്‍സ് പദ്ധതിയാണ് പ്രവർത്തനം ആരംഭിച്ചത്. കൊച്ചി കോർപറേഷന് എതിർവശത്തായി ബോട്ട് ജെട്ടി കെഎസ്‌ആർടിസി സ്റ്റാന്‍ഡിനോട് ചേർന്നാണ് മിൽമ ഓൺ വീൽസ് വിപണന കേന്ദ്രം തുടങ്ങിയത്.
പൂർണമായും ശീതീകരിച്ചും ഇരിപ്പിട സൗകര്യമൊരുക്കിയും ഇന്‍റീരിയർ വർക്കുകൾ ചെയ്‌ത് മനോഹരമാക്കിയുമാണ് കെഎസ്ആർടിസി ബസിനെ മിൽമയുടെ വില്‍പന കേന്ദ്രമാക്കിയത്. കൈകൾ കഴുകാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ചായയും ലഘു കടികളും ഇരുന്ന് കഴിക്കാം. വിവിധ തരം ഐസ്ക്രീമുകളും ജ്യൂസുകളും ഉൾപ്പടെ മിൽമയുടെ എല്ലാ ഉത്‌പന്നങ്ങും ഇവിടെ ലഭ്യമാണ്.
രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെയാണ് പ്രവർത്തന സമയം. ഈ കേന്ദ്രത്തിന്‍റെ പ്രവർത്തന വിജയം വിലയിരുത്തിയ ശേഷം എറണാകുളം ജില്ലയിൽ ഇത്തരത്തിലുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു. അതേസമയം ആയിര കണക്കിന് ആളുകൾ വന്ന് പോകുന്ന നഗരത്തിലെ പ്രധാന കേന്ദ്രത്തിൽ തന്നെ മിൽമ ഓൺ വീൽസ് ഒരുക്കാൻ കഴിഞ്ഞതിനാല്‍ പദ്ധതി വൻ വിജയമാകുമെന്നതിൽ സംശയമില്ല. വിശ്വസ്ഥതയോടെ ആശ്രയിക്കാൻ കഴിയുന്ന വിപണന കേന്ദ്രത്തിന്‍റെ സേവനം തിരക്കേറിയ നഗര കേന്ദ്രത്തിൽ ലഭ്യമാകുന്നത് ഉപകാര പ്രദമാണെന്ന് ജനങ്ങളും പറയുന്നു.
എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍റെ നേതൃത്വത്തിൽ ആദ്യമായി തൃശൂരിൽ തുടങ്ങിയ സമാനമായ പദ്ധതി ലാഭകരമായിരുന്നു. കൊച്ചിയിൽ കെഎസ്ആർടിസി യാത്രക്കാർക്കും മറ്റുള്ളവർക്കും എത്തിച്ചേരാൻ കഴിയുന്ന കേന്ദ്രത്തിലാണ് മിൽമ ഓൺ വീൽസ് പ്രവർത്തനം തുടങ്ങിയത് എന്ന പ്രത്യേകതയും ഉണ്ട്. സർവീസ് നടത്താൻ കഴിയാത്ത ബസുകൾ ഇത്തരത്തില്‍ ഉപയോഗ പ്രദമാക്കാൻ കഴിയുന്നത് കെഎസ്ആർടിസിക്കും ലാഭകരമാണ്.
പഴയ കെഎസ്ആർടിസി ബസുകളുടെ ലഭ്യതയനുസരിച്ച് ലാഭ സാധ്യതയുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ മിൽമ ഓൺ വീൽസ് പദ്ധതി വ്യാപിപ്പിക്കാനാണ് ക്ഷീര വകുപ്പിന്‍റെ തീരുമാനം.