എറണാകുളം: മൂവാറ്റുപുഴയിൽ അസം സ്വദേശികളായ രണ്ട് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. മാറാടി സ്വദേശിയുടെ തടിമില്ലിലെ തൊഴിലാളികളായിരുന്ന, അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ എന്നാണ് പൊലീസ് നൽകുന്ന വിവരം (Assam Native Migrant Workers Found Dead In Muvattupuzha).
മരിച്ചവർക്കൊപ്പം നേരത്തെ താമസിച്ചിരുന്ന ഒഡിഷ സ്വദേശിയെ ഇവിടെ നിന്ന് കാണാതായിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ പറഞ്ഞിരുന്നതായാണ് ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ അറിയിച്ചിരുന്നത്.
ഇന്ന് (നവംബര്‍ 5) ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്താണ് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലാളികളില്‍ ഒരാളുടെ ഭാര്യ ഇന്ന് രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മില്ലുടയുടെ നിര്‍ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയവരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മൂവാറ്റുപുഴ പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആലുവ റൂറൽ എസ്‌പി വിവേക് കുമാർ സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. കൊലപാതകമാകാനാണ് സാധ്യതയെന്നും പൊലീസ് എല്ലാവശങ്ങളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായ ആള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും എസ്‌പി അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിവരുന്നത്. ഫോറന്‍സിക് - വിരലടയാള വിദഗ്‌ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.
Also Read: 6 വയസുകാരന്‍റെ വായിൽ പശവെച്ച് ഒട്ടിച്ച് കൊലപ്പെടുത്തി; കൊന്നത് പബ്‌ജി കളിക്കുന്നത് എതിർത്ത മുത്തശ്ശനെയും മുത്തശ്ശിയെയും ജയിലിലാക്കാൻ