എറണാകുളം: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ ലക്ഷ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. കല്ല്, വടി , മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമ്പത് പേരടങ്ങുന്ന സംഘമാണ് പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം സംഭവത്തിൽ കസ്റ്റഡിയിലുള്ള മുഴുവൻ പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 162 ആയി.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കതിരെ ചുമത്തിയത്. അറസ്റ്റിലായവരെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ആദ്യം അറസ്റ്റിലായ ഇരുപത്തിയഞ്ച് പേരെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ALSO READ ഈ ക്രിസ്‌മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം; ഇത്തവണയും റെക്കോഡ് വില്‍പ്പന
വൻ പൊലീസ് വലയത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. നിലവിൽ അറസ്റ്റിലായ പ്രതികളെ വിയ്യൂർ, മൂവാറ്റുപുഴ, കാക്കനാട് ജയിലുകളിലേക്കാണ് മാറ്റുന്നത്. പ്രതികൾക്കു വേണ്ടി ജില്ലാ നിയമസഹായ അതാേറിറ്റി അഭിഭാഷകനാണ് ഹാജരായത്.