എറണാകുളം: മലയാളം, കന്നട സിനിമകളിലെ ട്രെൻഡിങ് മ്യൂസിക് ഡയറക്‌ടർ ഇപ്പോൾ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. മിഥുൻ മുകുന്ദൻ (Musical composer and singer Midhun Mukundan). കഹി എന്ന കന്നട ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. തുടർന്ന് ശ്രദ്ധേയമായ പല ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധായകൻ ആയി. ഗരുഡ ഗമന വൃഷഭ വാഹന, പുനീത് രാജ്‌കുമാർ ചിത്രം മായാ ബസാർ, മലയാളത്തിൽ റോഷാക്ക് ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന നിവിൻ പോളി ചിത്രം രാമചന്ദ്രബോസ് ആൻഡ് കോ അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. രാജ് ബി ഷെട്ടി നായകൻ ആകുന്ന ടോബിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.
എസ്‌പിബിയോടൊപ്പം.. എസ്‌പിബിയുടെ കന്നട സിനിമയിലെ അവസാന ഗാനം സംഗീത സംവിധാനം നിർവഹിക്കാൻ ഭാഗ്യം കിട്ടിയത് മിഥുൻ മുകുന്ദനാണ് (Midhun Mukundan Memories Of SP Balasubrahmanyam). കർണാടകയിലെ സൂപ്പർതാരമായ പുനീത് രാജ്‌കുമാറിന്‍റെ മായാബസാർ എന്ന ചലച്ചിത്രത്തിന്‍റെ ഗാനം കമ്പോസ് ചെയ്യുന്നു. സ്റ്റുഡിയോയിൽ സംഗീത സംവിധായകനോടൊപ്പം തന്നെ പുനീത് രാജ്‌കുമാറും കൂടെയുണ്ട്. ഗാനം കമ്പോസ് ചെയ്‌ത് ട്രാക്ക് പാടി കഴിഞ്ഞപ്പോൾ ഈ ഗാനം ആരെ കൊണ്ട് പാടിക്കണമെന്ന് ഒരു ചർച്ച ഉരുത്തിരിഞ്ഞു. അപ്പോൾ സംഗീത സംവിധായകനായ മിഥുൻ മുകുന്ദന്‍റെ സൗണ്ട് എൻജിനീയർ ഈ ഗാനം എസ്‌പിബിയുടെ ശബ്‌ദത്തിൽ വന്നാൽ എങ്ങനെയിരിക്കും എന്ന് നിർദേശം ഉന്നയിച്ചു.
ഇത് കേട്ടതും പുനീത് രാജ്‌കുമാർ വല്ലാതെ എക്സൈറ്റഡ് ആയി. അദ്ദേഹത്തിന്‍റെ പിതാവായ സൂപ്പർതാരം രാജ്‌കുമാറിനും ചേട്ടൻ ശിവരാജ് കുമാർ എന്ന ശിവണ്ണക്കും വേണ്ടി എസ്‌പിബി ഗാനം ആലപിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് വേണ്ടി ഇതുവരെ എസ്‌പിബിയുടെ ശബ്‌ദത്തിൽ ഒരു ഗാനം ഉണ്ടായിട്ടില്ല. പുനീത് രാജ്‌കുമാറിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്‍റെ ഒരു ഗാനം എസ്‌പിബിയെ കൊണ്ട് പാടിക്കണമെന്നുള്ളത്. മറ്റൊന്നും ചിന്തിച്ചില്ല മായാബസാറിലെ ആ ഗാനം എസ്‌പിബിയെക്കൊണ്ടുതന്നെ പാടിക്കാൻ തീരുമാനമെടുത്തു.
റെക്കോർഡിങ് ഹൈദരാബാദിലായിരുന്നു. ട്രാക്ക് കേട്ട് എസ്‌പിബി ഗാനം ആലപിച്ച് ബെംഗളൂരുവിലേക്ക് തന്‍റെ ശബ്‌ദം അയച്ചുകൊടുത്തു. എസ്‌പിബിയുടെ റോ വോയിസ്, അത് കേൾക്കുന്നത് തന്നെ ഒരു അനുഭൂതിയായിരുന്നു.