എറണാകുളം:ഉച്ചഭക്ഷണ പദ്ധതിക്ക് (Mid Day Meal Scheme) കേന്ദ്രം നിർദേശിച്ച നടപടികൾ സംസ്ഥാനം (State) ചെയ്യാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ (Central Government) വാദത്തെ തള്ളി വിദ്യാഭ്യാസ വകുപ്പ് (Education Department) മന്ത്രി വി ശിവൻകുട്ടി (V Sivankutty). ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ വീഴ്‌ച തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം 2021-22 കാലയളവിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകേണ്ടിയിരുന്ന വിഹിതം നൽകാതിരുന്നതാണ് ഇത്തവണയും തുക അനുവദിക്കാത്തതിന് കാരണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Ministry of Central Education) വ്യക്തമാക്കിയിരുന്നത്.
ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് ഇന്ത്യയൊട്ടാകെ കേന്ദ്ര സർക്കാരാണ് ഫണ്ട് അനുവദിക്കുന്നത്. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. ഈ കാര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും ചില പ്രശ്‌നങ്ങളുണ്ട്. പണം സമയത്ത് നൽകുന്നതിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും നിലവിൽ ലഭിക്കുന്ന ഫണ്ട് പദ്ധതിയുടെ നടത്തിപ്പിന് പര്യാപ്‌തമല്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു പ്രശ്‌നമായി വന്നിട്ടുണ്ടെന്നും ഇത് കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞ മന്ത്രി, കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്‍റെ വാദങ്ങളെ തള്ളി: വസ്‌തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്ര സർക്കാർ പറയുന്നത്. പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സിസ്‌റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്ര സർക്കാർ അനുവർത്തിക്കുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പണി കിട്ടിയത് സംസ്ഥാനത്തിന്:കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്ര വിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്‍റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്ര വിഹിതം റിലീസ് ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി.
ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സിസ്‌റ്റം) നിർബന്ധമാക്കിയ 2021-22 വർഷം സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നൽകിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്ര വിഹിതം. നിരവധി തടസവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചതെന്നും ഈ തടസവാദങ്ങൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടും തുക അനുവദിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.