ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണി കുമാറും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണി കുമാറും കൂടിക്കാഴ്‌ച നടത്തി. എറണാകുളം ഗസ്‌റ്റ് ഹൗസിൽ വച്ചായിരുന്നു അസാധാരണ കൂടിക്കാഴ്‌ച. മുക്കാൽ മണിക്കൂറാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നീണ്ടുനിന്നത്.
ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള അസാധാരണ കൂടിക്കാഴ്‌ചയെന്നാണ് സൂചന. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് അഭിഭാഷകനെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന്, പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി വിജിലൻസ് വിഭാഗം ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ജഡ്‌ജിമാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തി പ്രതി, പണം തട്ടിയെന്ന ആരോപണം ഹൈക്കോടതി ഗുരുതരമായാണ് വിലയിരുത്തിയത്.
ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കൂടിക്കാഴ്‌ച നടത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്. കേരളത്തെ സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ആലുവയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഗസ്‌റ്റ് ഹൗസിന് മുമ്പിൽ പ്രതിക്ഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.