എറണാകുളം :വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി ജില്ല ജനറൽ ആശുപത്രികളിൽ നിർബന്ധിത ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ദേശീയ മെഡിക്കൽ കൗൺസിലിന്‍റെ പുതിയ നിർദേശം. മെഡിക്കൽ കോളജുകളിൽ ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാക്കണമെന്ന നിർദേശമാണ് വിദേശത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തിരിച്ചടിയായത്. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന നൂറുകണക്കിന് മെഡിക്കൽ വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ദേശീയ മെഡിക്കൽ കൗൺസിൽ നേരത്തെ നൽകിയ നിർദേശം നടപ്പിലാക്കുന്നതിൽ സംസ്ഥാന മെഡിക്കൽ കൗൺസിൽ വരുത്തിയ വീഴ്ചയാണ് നിലവിൽ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ഹൗസ് സർജൻസി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിലുണ്ടെന്ന് ഹൗസ് സർജൻസി ചെയ്യുന്ന ശ്രുതി ചൂണ്ടിക്കാണിച്ചു. മെഡിക്കൽ കൗൺസിലിന്‍റെ തീരുമാനം ഇവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം സൃഷ്‌ടിക്കുകയാണ്.
മെഡിക്കൽ വിദ്യാർഥികള്‍ പ്രതിഷേധത്തില്‍ വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം മെഡിക്കൽ കൗൺസിലിന്‍റെ നിർദേശ പ്രകാരമുള്ള പരീക്ഷയെഴുതി. തുടർന്ന് ഒരു വർഷത്തോളം കാത്തിരുന്നാണ് ഇന്‍റേണ്‍ഷിപ്പിന് അവസരം ലഭിച്ചത്. ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാകുന്ന വേളയിലാണ് മെഡിക്കൽ കോളജിൽ തന്നെ ചെയ്യണമെന്ന നിർദേശം വരുന്നതെന്നും നിലവിൽ മെഡിക്കൽ പഠനത്തിനായി എട്ട് വർഷത്തോളം ചെലവഴിച്ച തങ്ങൾക്ക് ഇനിയൊരു വർഷം കൂടി നഷ്‌ടപ്പെടുത്താൻ കഴിയില്ലെന്നും വിദ്യാർഥികളിലൊരാളായ ബാദുഷ പറഞ്ഞു. ദേശീയ മെഡിക്കൽ കൗൺസിലാണ് ജനറൽ ആശുപത്രിയിൽ പൂർത്തിയാക്കിയ ഇന്‍റേണ്‍ഷിപ്പ് അംഗീകരിക്കേണ്ടത്. ഇതിനാവശ്യമായ ഇടപെടൽ സംസ്ഥാന മെഡിക്കൽ കൗൺസിൽ നടത്തണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം നൂറിലധികം വിദ്യാർഥികളെയാണ് ഈ പ്രശ്നം ബാധിക്കുന്നത്. സംസ്ഥാനത്ത് ഇത് ആയിരത്തോളം വിദ്യാർഥികളെ ബാധിക്കുമെന്നും സംസ്ഥാന മെഡിക്കൽ കൗൺസിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഹൗസ് സർജൻസി ബഹിഷ്‌കരിച്ച് വിദ്യാർഥികൾ സൂചന പണിമുടക്ക് നടത്തി. പ്രശ്‌നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.