'മറുനാടന്‍ മലയാളി'യുടെ ഓഫിസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും റെയ്‌ഡ് എറണാകുളം :മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും കൊച്ചി സിറ്റി പൊലീസ് റെയ്‌ഡ് നടത്തി. സെൻട്രൽ എസി പി ജയകുമാറിന്‍റെ നേതൃത്വത്തിൽ ആണ് മിന്നൽ പരിശോധന നടന്നത്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫിസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലുമായിരുന്നു പരിശോധന.
ഓഫിസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനും, പി.വി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വ്യാജ വാർത്തയുടെ ഉറവിടം തിരിച്ചറിയാനുമാണ് പരിശോധനയെന്ന് പൊലീസ് വ്യക്തമാക്കി. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു.
എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകിയതിലും, പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജില്ല കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഇതോടെ ഇയാൾ രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും വിവരം നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാന വ്യാപകമായി ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ വെള്ളിയാഴ്‌ച ഹൈക്കോടതി തളളിയത്. മുൻകൂർ ജാമ്യഹർജി തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ ഷാജൻ നൽകിയ ഹർജി ഹൈക്കോടതിയും തള്ളുകയായിരുന്നു.
അടിസ്ഥാന തത്വങ്ങൾ പാലിച്ചല്ല ഷാജന്‍റെ മാധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്‌ച എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിലും ഷാജൻ ഹാജരായിരുന്നില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് ഇഡി ഓഫിസിൽ ഹാജരാകാൻ ഷാജൻ സ്‌കറിയയ്‌ക്ക് നോട്ടിസ് അയച്ചത്. അതേ സമയം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടിസ് നൽകും.
അടുത്തിടെ കേരളത്തിലെ ഹവാല ഇടപാടുകാരുടെയും അനധികൃത ഫോറസ്റ്റ് ഡീലര്‍മാരുടെയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 2.90 കോടി രൂപയുടെ വിദേശ, ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്(ഇ.ഡി) അറിയിച്ചിരുന്നു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് പ്രകാരം ജൂണ്‍ 19ന് 14 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയതായാണ് അന്വേഷണ ഏജന്‍സി അറിയിച്ചത്. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് കടകള്‍, തുണിക്കടകള്‍, ജ്വല്ലറി എന്നിവയുടെ മറവില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്.
റെയ്‌ഡില്‍ ഏകദേശം 1.50 കോടി രൂപ വിലമതിക്കുന്ന 15 രാജ്യങ്ങളുടെ കറൻസികളും അനധികൃത വിദേശ കറൻസി വിനിമയത്തിലൂടെ കൈവശപ്പെടുത്തിയ 1.40 കോടിയുടെ കണക്കിൽപ്പെടാത്ത ഇന്ത്യൻ കറൻസിയും ആണ് പിടിച്ചെടുത്തത്. സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂർ ഫോറെക്‌സ്, ദുബായ് ഫോറെക്‌സ്, സംഗീത ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രസന്‍റ് ട്രേഡിങ്, ഹന ട്രേഡിങ്, ഫോർനാസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഇവയുടെ അധികൃതരുമാണ് ഹവാല ശൃംഖലയിലെ പ്രധാന കണ്ണികളെന്ന് ഇഡി കണ്ടെത്തി