കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ രണ്ട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കി. ഹോളി ഫെയ്ത്ത് എച്ച്‌ടുഒ ഫ്ലാറ്റും ആൽഫ സെറീനിലെ ഇരട്ട കെട്ടിടങ്ങളുമാണ് ശനിയാഴ്ച പൊളിച്ചുനീക്കിയത്. രാവിലെ 11:18ന് ഹോളി ഫെയ്ത്ത് ഫ്ലാറ്റും 11:41ന് ആൽഫയിലെ ആദ്യ കെട്ടിടവും നിലംപൊത്തി. ഇതിന് തൊട്ടുപിന്നാലെ ആൽഫ സെറീനിലെ രണ്ടാമത്തെ കെട്ടിടവും നിയന്ത്രിത സ്ഫോടനം വഴി തകർത്തു. ഇതോടെ സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കി.
മരടിലെ രണ്ട് ഫ്ലാറ്റുകൾ നിലംപൊത്തി
ഇന്ത്യയില്‍ അപൂര്‍വമായതും കേരളത്തില്‍ ആദ്യവുമാണ് ഒരു ബഹുനില കെട്ടിടം ഇവ്വിധം പൊളിച്ചു മാറ്റുന്നത്. ഇതോടെ സുപ്രീംകോടതി വിധി നടപ്പിലായി.
അധികൃതരുടെ പ്രതീക്ഷ പോലെതന്നെ പാളിച്ചകൾ ഒന്നുമില്ലാതെയാണ് ഫ്ലാറ്റുകൾ നിലംപൊത്തിയതെങ്കിലും പൊളിച്ച ഫ്ലാറ്റുകളുടെ സമീപപ്രദേശങ്ങളിലെ വീടുകൾക്കോ മറ്റോ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വിദഗ്‌ധമായ പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ. ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ വലിയ രീതിയിലാണ് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചത്. ഒരു മണിക്കൂറിനകം റോഡിലെ പൊടിപടലങ്ങള്‍ അധികൃതര്‍ വെള്ളം ചീറ്റി നീക്കി. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്‍റെ ചെറിയ അവശിഷ്ടം കായലിലേക്ക് പതിച്ചു. സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അധികൃതര്‍ പിന്നീട് വിശദീകരിച്ചു. ഇനി രണ്ടു ഫ്ലാറ്റുകള്‍ കൂടി പൊളിക്കാനുണ്ട്. ഗോള്‍ഡന്‍ കായലോരവും ജെയിന്‍ കോറല്‍കോവുമാണ് ഞായറാഴ്‌ച പൊളിക്കുന്നത്.