എറണാകുളം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടു. ഡൽഹിയിൽ എൻ.സി.പി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് മുന്നണി വിടുന്നതായുള്ള തീരുമാനം മാണി സി. കാപ്പന്‍ പ്രഖ്യാപിച്ചത്. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടു; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും
പാലായിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ ആകില്ല ഘടകകക്ഷി ആയിട്ടാകും മത്സരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി
പാലാ സീറ്റിന്‍റെ കാര്യത്തിൽ എൽ.ഡി.എഫ് തന്നോട് നീതി കാണിച്ചില്ലന്ന് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഈ സാഹചര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം എന്ത് തന്നെയായാലും താനും തന്നെ അനുകൂലിക്കുന്നവരും ഇനി എൽ.ഡി.എഫിൽ ഉണ്ടാകില്ലെന്ന് അറിയിച്ചു. തന്‍റെയൊപ്പം ഏഴ് ജില്ലാ പ്രസിഡന്‍റുമാരും ഒൻപത് സംസ്ഥാന ഭാരവാഹികളും ഒരു അഖിലേന്ത്യ സെക്രട്ടറിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ നേതൃത്വത്തിന്‍റെ നിലപാട് ഉച്ചയോടു കൂടി അറിയാൻ കഴിയുമെന്നും ദേശീയ നേതൃത്വത്തിന്‍റെ നിലപാട് തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും മറിച്ചാണെങ്കിലും താനും അനുയായികളും യു.ഡി.എഫിൽ തന്നെയെന്ന് ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലായിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ ആകില്ല, ഘടകകക്ഷി ആയിട്ടാകും മത്സരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം പാലായിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ നേതൃത്വത്തിൽ എൻ.സി.പി ഔദ്യോഗിക വിഭാഗം ഇടതുമുന്നണിയിൽ തുടരും. ഇടതുമുന്നണിയിൽ തുടരണമെന്ന എ.കെ.ശശീന്ദ്രൻ വിഭാഗത്തിന്‍റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിച്ചതായാണ് സൂചന. ഈയൊരു സാഹചര്യത്തിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുന്നതിന് മുൻപ് മാണി.സി. കാപ്പൻ യു.ഡി.എഫിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.