എറണാകുളം: കോതമംഗലത്ത് അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോതമംഗലം, പാറച്ചാലിപ്പടി സ്വദേശി പുത്തൻപുരക്കൽ ജോസ് ജോർജ് (54) ആണ് അറസ്റ്റിലായത്. സംഭവത്തെത്തുടർന്ന് ജോസ് ജോർജ് ഒന്നരയാഴ്ചയോളം ഒളിവിലായിരുന്നു.
അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽ പോയ ആൾ അറസ്റ്റിൽ
അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ വീട് തീയിട്ട ജോസ് ജോർജ് ആണ് അറസ്റ്റിലായത്
കഴിഞ്ഞ ഏഴാം തീയതി രാത്രി 8.30 ന് ആളില്ലാതിരുന്ന വീട്ടിലെത്തി കന്നാസിൽ കരുതിയിരുന്ന ഡീസൽ ജനാല വഴി മുറിക്കകത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മതിലുപണിയുന്നതുമായി ബന്ധപ്പെട്ട് ജോസ് അയല്‍വാസിയായ ലാലു മാത്യുവുമായി തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷം ഏഴാം തീയതി തർക്കത്തിലുള്ള മതിൽ പൊളിഞ്ഞ് ലാലുവിന്‍റെ വീട്ടുമുറ്റത്ത് പതിച്ചിരുന്നു. മതിൽ പൊളിഞ്ഞതിൽ ലാലുവിന് പങ്കുണ്ടെന്ന് ആരോപിച്ച് ജോസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ലാലുവും കുടുംബവും അന്ന് തന്നെ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. അന്നേ ദിവസം രാത്രി ജോസ് വീടിന് തീയിട്ടതെന്നാണ് പരാതി.