എറണാകുളം:ഇത് കൊച്ചിയുടെ സ്വന്തം എഴുത്തുകാരൻ എ.കെ പുതുശ്ശേരി. വയസ് 87. എട്ടാം ക്ലാസില്‍ പഠിക്കുമ്പോൾ ആദ്യ കഥയെഴുതിയ പുതുശ്ശേരി തന്‍റെ എൺപത്തിയൊമ്പതാമത്തെ പുസ്‌തകമായ 'ഭൂമിയുടെ ഉപ്പ്' ഉടൻ പ്രസിദ്ധീകരിക്കുകയാണ്. ഇപ്പോൾ പണിപ്പുരയിലുള്ളത് തൊണ്ണൂറാമത്തെ പുസ്‌തകമായ ആത്മകഥാംശമുള്ള 'കുഞ്ഞാഗസ്‌തിയുടെ കുണ്ടാമണ്ടി'യെന്ന നോവലാണ്. കാലം പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ 'വിശപ്പ്' എന്ന ആദ്യ കഥ പിറന്നത് മുതലുള്ള അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്.
സാഹിത്യലോകത്തെ കാരണവർ, കൊച്ചിയുടെ സ്വന്തം കുഞ്ഞാഗസ്‌തി; ഒളിമങ്ങാത്ത ഓർമകളിലൂടെ എ.കെ പുതുശ്ശേരി ഓർമകളിലേക്കൊരു തിരിഞ്ഞുനോട്ടം:നാടക നടനും സംവിധായകനുമായ കൊച്ചാഗസ്‌തിയുടെയും, വെറോനിക്കയുടെ മകനായി 1935 ജനുവരി 19നാണ് കൊച്ചിയിൽ എകെ പുതുശ്ശേരി ജനിച്ചത്. എറണാകുളം സെന്‍റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോൾ സ്‌കൂൾ വാര്‍ഷികത്തിന് 'ഭാരമുള്ള കുരിശ്' എന്ന നാടകം എഴുതി.
സ്‌കൂളില്‍ കളിച്ച നാടകം അടുത്ത വര്‍ഷം പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അതായിരുന്നു എ.കെ പുതുശ്ശേരിയുടെ ആദ്യത്തെ പുസ്‌തകം. തുടര്‍ന്ന് വിവിധ ആനുകാലികങ്ങളിലേക്ക് അയച്ച സൃഷ്‌ടികൾ പ്രസിദ്ധീകരിക്കാത്തതിന് കാരണം 'കുഞ്ഞാഗസ്‌തി' എന്ന പേരാണോയെന്ന് സംശയിച്ചു. ഇതോടെയാണ് എ.കെ പുതുശ്ശേരിയെന്ന തൂലികാനാമം സ്വീകരിച്ചത്.
സ്വാധീനിച്ചത് ബഷീർ മാത്രം:വൈക്കം മുഹമ്മദ് ബഷീർ മാത്രമാണ് പുതുശ്ശേരിയെ സ്വാധീനിച്ച എഴുത്തുകാരൻ. ആ ശൈലി പകർത്താൻ ശ്രമിച്ചു, പക്ഷേ നടന്നില്ലെന്ന് തമാശ രൂപേണ പുതുശ്ശേരി പറയും. 115 പെണ്ണുകാണലുകൾക്ക് ശേഷം 32-ാമത്തെ വയസിലാണ് ഫിലോമിനയെ കല്യാണം കഴിച്ചത്. പെണ്ണുകാണലിനെ കുറിച്ചൊരു കഥയെഴുതണമെന്ന് പറയുമ്പോഴും ആ മുഖത്ത് ചിരി. കണ്ണടയില്ലാതെ വായിച്ചും സ്വന്തമായി പേന കൊണ്ടെഴുതിയും എഴുത്തിലെന്ന പോലെ ജീവിതത്തിലും യുവത്വം കാത്തുസൂക്ഷിക്കുകയാണ് പുതുശ്ശേരി.
വിവിധ നാടകസമിതികള്‍ക്കുവേണ്ടി ബൈബിള്‍ നാടകങ്ങളും സാമൂഹിക നാടകങ്ങളും എഴുതി. 22 പുരാണ ബാലെകളും രചിച്ചു. ഇതിന് പുറമെ ക്രിസ്ത്യൻ ബാലെകളും രചിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ബാലെ എഴുതിയത് താനാണെന്നും പുതുശ്ശേരി അവകാശപ്പെടുന്നു.
'നീതിയുടെ തുലാസ്' എന്ന കൃതി ഹിന്ദി, ഇംഗ്ലീഷ്, ഒറിയ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനസ് തേടുന്നവർ, വാഗ്‌ദത്ത ഭൂമി, പൂമ്പാറ്റകളുടെ സങ്കീർത്തനം, നാടക നടനായിരുന്ന സ്വന്തം പിതാവിനെ കുറിച്ച് എഴുതിയ അരങ്ങൊഴിഞ്ഞ നടൻ, കുഞ്ഞാഗസ്‌തിയുടെ വികൃതികൾ, ബൈബിളില്ലാത്ത കഥകൾ, കടലിന്‍റെ ദാഹം, അഗ്നി ചിറകുള്ള പക്ഷി, വചനം തിരുവചനം, നിർമാണത്തിലെ അശാസ്ത്രീയത കൊണ്ട് ഉപയോഗ ശൂന്യമായ കലൂരിലെ മാർക്കറ്റ് പ്രമേയമാക്കിയ കവിതാ സമാഹാരം ചാത്തൻ കോട്ട തുടങ്ങി എ.കെ പുതുശ്ശേരിയുടെ പുസ്‌തകങ്ങളുടെ എണ്ണം തൊണ്ണൂറിലെത്തി നിൽക്കുകയാണ്.
ഒരു പാർട്ടിയിലും പെടാത്ത ആളായതിനാൽ അംഗീകാരങ്ങളുടെ ഗണത്തില്‍ ഇടതു വലതു മുന്നണികൾ അവഗണിച്ചെന്ന് പറയാനും പുതുശ്ശേരിക്ക് മടിയില്ല. മുഴുവൻ സമയം വായനയിലും എഴുത്തിലും ശ്രദ്ധിച്ച് ഇനിയുമേറെ പുസ്‌തകങ്ങൾ രചിക്കാനുള്ള ശ്രമം തുടരുകയാണ് മലയാള സാഹിത്യ തറവാട്ടിലെ കാരണവർ.
നിലപാടുകളുടെ പ്രതിഫലനം:രാഷ്‌ട്രീയ, സാമൂഹ്യ വിമർശനങ്ങളും അഴിമതിക്കെതിരെയുള്ള കാഴ്‌ചപ്പാടുകളും തന്‍റെ രചനകളിൽ എ.കെ പുതുശ്ശേരി പ്രതിഫലിപ്പിക്കാറുണ്ട്. സിനിമ മാസിക, ദീപ്‌തി, ഫിലിം, സത്യനാദം, സത്യദീപം, മലബാര്‍ മെയില്‍, കൗമുദി, സൈനിക സമാചാര്‍ തുടങ്ങിയ ആനുകാലികങ്ങളിലായിരുന്നു എ.കെ പുതുശ്ശേരി ആദ്യകാലങ്ങളിൽ പ്രധാനമായും എഴുതിയത്. ചിത്രകൗമുദി, സത്യനാദം, സത്യദീപം എന്നീ വാരികകള്‍ക്കു വേണ്ടി നോവലുകളും എഴുതിയിരുന്നു. ബാല സാഹിത്യരംഗത്തും പ്രശസ്‌തനായിരുന്നു.
പുരസ്‌കാരങ്ങൾ:സാഹിത്യത്തില്‍ സമഗ്രസംഭാവനയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, കുടുംബദീപം സാഹിത്യ അവാര്‍ഡ്, അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ്, കെസിബിസി സാഹിത്യ അവാര്‍ഡ്, പറവൂര്‍ ജോര്‍ജ് മെമ്മോറിയല്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ എ.കെ പുതുശ്ശേരിയെ തേടിയെത്തി.
കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്‌കാരിക വകുപ്പില്‍ നിന്നു സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചിരുന്നു. 1958 മുതല്‍ എറണാകുളത്തെ എസ്.ടി റെഡ്യാര്‍ ആൻഡ് സണ്‍സ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച് 62 വര്‍ഷത്തിന് ശേഷമാണ് ജോലി അവസാനിപ്പിച്ചത്.