എറണാകുളം: സംവിധായകൻ സിദ്ദിഖിന് വികാര നിർഭരമായ യാത്രാമൊഴി. പൊതു ദര്‍ശന വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആയിരകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊതു ജനങ്ങളും ഉൾപ്പടെ വൻ ജനാവലിയാണ് രാവിലെ മുതൽ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരമര്‍പ്പിക്കാനെത്തിയ പല താരങ്ങളും വിങ്ങിപ്പൊട്ടിയാണ് അവസാനമായി സിദ്ദിഖിന്‍റെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ടത്.
ഓര്‍മകള്‍ പങ്കിട്ട് വിങ്ങിപ്പൊട്ടി താരനിര
വികാരഭരിതനായി ജഗദീഷ്: സിദ്ദിഖും താനുമായുള്ള ആത്മബന്ധത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാകാത്തതെന്ന് വികാരഭരിതനായി നടന്‍ ജഗദീഷ് പറഞ്ഞു. തന്‍റെ കരിയറില്‍ ആദ്യം സ്വാധീനം ചെലുത്തിയത് സിദ്ദിഖിന്‍റെ ചിത്രമാണ്. എന്‍റെ ഫിലിം കരിയറില്‍ ഏറ്റവും വലിയ ടേക്ക് ഓഫ് എന്ന് പറയുന്നതും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ്. അതിന് മുമ്പ് തന്നെ എനിക്ക് സിദ്ദിഖുമായി ബന്ധമുണ്ട്. മുമ്പ് തൊട്ടുള്ള പരിചയം കൊണ്ട് അദ്ദേഹം തന്നെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയും തുടര്‍ന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്‌തതെന്നും ജഗദീഷ് പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന ക്യാരക്‌ടര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും എല്ലാവരും ഓര്‍മിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്‍റെ പ്രത്യേക കഴിവ് തന്നെയാണ്. പിന്നീട് അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങളില്‍ തനിക്ക് അവസരം ലഭിച്ചു. ഇത്രയും അധികം അച്ചടക്കമുള്ള മറ്റൊരു കലാകാരനെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
also read:'എന്തിനായിരുന്നു ഇത്ര ധൃതി പിടിച്ചുള്ള യാത്ര?'; ഹിറ്റ് മേക്കര്‍ക്ക് സിനിമ സംവിധായകരുടെ ആദരാഞ്‌ജലി
അന്തിമോപചാരമര്‍പ്പിച്ച് ഉമേശ് ഐഎഎസ്: സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗം ഏറെ ദുഃഖകരമായ വാര്‍ത്തയാണ്. താന്‍ തമിഴ്‌നാട് സ്വദേശിയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിദ്ദിഖ് ഏറെ പ്രശസ്‌തനാണ്. മാത്രമല്ല അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടെന്നും എറണാകുളം കലക്‌ടര്‍ ഉമേശ് പറഞ്ഞു. തമിഴില്‍ അദ്ദേഹം നിരവധി ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കുന്നതിനൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുകയുമാണെന്ന് ഉമേശ് ഐഎഎസ് പറഞ്ഞു.
സൗമ്യ പെരുമാറ്റമുള്ള കലാപ്രതിഭ: സംവിധായകന്‍ സിദ്ദിഖ് ഏറ്റവും മാന്യനും സൗമ്യ സ്വാഭാവവുമുള്ള കലാകാരനാണെന്ന് നടന്‍ രമേഷ് പിഷാരടി. നൂറുകോടി ക്ലബ് എന്നെല്ലാം താന്‍ ആദ്യമായി കേള്‍ക്കുന്നത് സിദ്ദിഖ് ഹിന്ദിയില്‍ സിനിമ ചെയ്‌തതിന് ശേഷമാണെന്ന് പിഷാരടി. നര്‍മം ഒരു ഭാഷയായി കൊണ്ടുനടന്ന വ്യക്തിയാണ് സിദ്ദിഖ്. ആരോടും ദേഷ്യപ്പെടുന്നതോ ഒരു പരിധിയില്‍ കൂടുതല്‍ ശബ്‌ദമുയര്‍ത്തി ആരോടും സംസാരിക്കുന്നതും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പിഷാരടി പറഞ്ഞു. സിദ്ദിഖിന്‍റെ ചിത്രങ്ങളിലൂടെയും അതിലെ നര്‍മങ്ങളിലൂടെയും എന്നെന്നും ജനങ്ങള്‍ അദ്ദേഹത്തെ സ്‌മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേര്‍പാട് അഗാധ ദുഃഖത്തിലാഴ്‌ത്തുന്നു: തന്‍റെകുടുംബത്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു സിദ്ദിഖ് എന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സിദ്ദിഖിനൊപ്പം വിദേശത്തേക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരവും തനിക്ക് ലഭിച്ചിട്ടുണ്ട്. അസുഖ ബാധിതനായി വെന്‍റിലേറ്ററില്‍ കിടന്നപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ആ വാര്‍ത്ത കേട്ടതിന് പിന്നാലെ സിദ്ദിഖ് ഏറെ ദുഃഖത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞുവെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്‌ടമാണെന്നും പിതൃസഹോദരനെ പോലുള്ളയാളാണ് സിദ്ദിഖ് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.