ആലുവ മണപ്പുറത്ത് പിതൃപുണ്യം തേടി ആയിരങ്ങള്‍ എറണാകുളം:ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം പുരോഗമിക്കുന്നു. അര്‍ധരാത്രി 12 മണിക്കാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. അമാവാസി അവസാനിക്കുന്ന നാളെ രാവിലെ 11 മണി വരെ ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സാധിക്കും.
ചടങ്ങിനായി വലിയ രീതിയിലുള്ള ക്രമീകരണങ്ങളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തര്‍ക്കായി 116 ബലിത്തറകള്‍ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ഭക്തരില്‍ നിന്നും ഈടാക്കുന്നത്.
ഔദ്യോഗികമായി ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്നാണ് ആരംഭിച്ചതെങ്കിലും ആലുവ ശിവക്ഷേത്രത്തിലേക്ക് രണ്ട് ദിവസം മുന്‍പ് തന്നെ ഭക്തര്‍ എത്തി തുടങ്ങിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ശിവരാത്രി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് അന്നദാനം ഒരുക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിനായി 13 ഇടങ്ങളില്‍ കൂറ്റന്‍ ജലസംഭരണികളും സ്ഥാപിച്ചിട്ടുണ്ട്.
കര്‍ശന പരിശോധനയും നിരീക്ഷണവും:ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായിഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധന ലാബുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വിസുള്‍പ്പടെ കെഎസ്ആര്‍ടിസി അധിക സര്‍വിസും നടത്തുന്നുണ്ട്. ടാക്‌സികളില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
ആലുവ മണപ്പുറത്തിന് സമീപം ഗതാഗത നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വാഹനം പാര്‍ക്ക് ചെയ്‌ത ശേഷം മണപ്പുറത്തേക്ക് നടന്നെത്തണമെന്നാണ് നിര്‍ദേശം. ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മോഷണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി നിരീക്ഷണ കാമറകളും മണപ്പുറത്ത് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി നേരത്തെ അറിയിച്ചിരുന്നു.