എറണാകുളം : മഹാരാജാസ് കോളജിലെ (Maharajas college) കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് (Blind Teacher Insulting Incident) വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ കുറ്റക്കാരായ വിദ്യാർഥികൾ പരസ്യമായി മാപ്പ് പറയണമെന്ന് (Students Apologize Publicly) കോളജ് ഗവേണിംഗ് ബോഡി. കോളജ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാർഥികൾ എവിടെ വെച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന് തീരുമാനിക്കാമെന്നും അറിയിച്ചു.
കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും മാതൃകപരമായ നടപടി വേണമെന്നുമാണ് മൂന്നംഗ അന്വേഷണ കമ്മിഷൻ ശുപാർശ നൽകിയത്. എന്നാൽ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികൾ വേണ്ടെന്ന് ഗവേണിംഗ് ബോഡി തീരുമാനിക്കുകയായിരുന്നു. പരിഹാസത്തിനിരയായ പ്രിയേഷ് കുമാറും ഇതേ നിലപാടാണ് അന്വേഷണ കമ്മിഷനെ അറിയിച്ചിരുന്നത്.
കേസ് വേണ്ടെന്ന് അധ്യാപകൻ : സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴി നൽകിയതോടെ കേസെടുക്കേണ്ടന്ന് പൊലീസും തീരുമാനിച്ചിരുന്നു. ഓഗസ്‌റ്റ് 17 ന് കോളജിലെത്തി എറണാകുളം സെൻട്രൽ പൊലീസ് അധ്യാപകന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫീസിലെത്തിയായിരുന്ന അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്തത്.
മൊഴിയിൽ പരാതിയില്ലെന്നും കുട്ടികൾക്കെതിരെ കേസെടുക്കേണ്ടെന്നും അധ്യാപകനായ പ്രിയേഷ് അറിയിക്കുകയായിരുന്നു. കോളജ് ഗവേണിംഗ് ബോഡിയായിരുന്നു സംഭവത്തിൽ സെൻട്രൽ പൊലീസിന് പരാതി നൽകിയത്. ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു കോളജ് കൗൺസിലിന്‍റെ ആവശ്യം. ഭിന്ന ശേഷിക്കാരായ അധ്യാപകരുടെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നായിരുന്നു സംഭവത്തിൽ കോളജിന്‍റെ നിലപാട്.
പരാതിക്കാസ്‌പദമായ സംഭവം : അധ്യാപകനായ പ്രിയേഷ് ക്ലാസ് എടുക്കുന്ന വേളയിൽ വിദ്യാർഥികൾ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും ക്ലാസിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നതും ഇറങ്ങിപ്പോകുന്നതുമായ വീഡിയോ പുറത്തുവന്നതാണ് പരാതിക്കാസ്‌പദമായ സംഭവം. അധ്യാപകന് കാഴ്‌ച പരിമിതി ഉള്ളതിനാൽ ഈ വീഡിയോ തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹത്തെ പരിഹസിക്കുന്നതുമാണെന്ന രീതിയിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധ്യാപകനായ പ്രിയേഷ് കോളജ് ഗവേണിംഗ് ബോഡിക്ക് പരാതി നൽകിയതിനെ തുടർന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഉൾപ്പടെ ആറ് പേരെ പ്രിൻസിപ്പൽ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു.
Also Read :കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വീഡിയോ; കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഫാസിൽ : സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ ഫാസിൽ കൂടി ഉൾപ്പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐയും എത്തി. എന്നാൽ ഫാസിലിന് അനുകൂലമായ നിലപാടാണ് കെ എസ് യു നേതൃത്വം എടുത്തത്. ദൃശ്യങ്ങളിലേതെന്ന രീതിയിൽ പ്രചരിക്കുന്ന പോലെ താൻ അധ്യാപകനെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഫാസിലിന്‍റെ വാദം. വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നും അതിന് തൊട്ടുപിന്നാലെ അധ്യാപകൻ പുറത്ത് പോവുന്നതാണ് ദൃശ്യങ്ങളുലുള്ളതെന്നും ഫാസിൽ പറഞ്ഞു.