കേരളം

kerala

ETV Bharat / state

ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കര്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍

പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫ്‌ മിഷന്‍ ഫ്ലാറ്റ് നിര്‍മാണ ഇടപാടില്‍ കോഴ നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട്. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കോടതി ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്

By

Published : Feb 15, 2023, 6:06 PM IST

Updated : Feb 15, 2023, 9:25 PM IST

ലൈഫ് മിഷന്‍ കേസ്  ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ ഇടപാടില്‍  ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് കോടതി  M Sivasankar in ed custody  M Sivasankars Five days ed custody ernakulam  M Sivasankar in ed custody ernakulam  എം ശിവശങ്കര്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍  എം ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍
എം ശിവശങ്കര്‍

എം ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

എറണാകുളം:ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് കോടതി. എറണാകുളം സിബിഐ കോടതിയുടേതാണ് ഈ നടപടി. ഫെബ്രുവരി 20 ഉച്ചയ്ക്ക് 2.30 വരെയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയില്‍ വിട്ടത്.

പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ഇത് അനുവദിച്ചില്ല. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി ഇഡിയോട് പറഞ്ഞു. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം 12 മണിവരെ തന്നെ ചോദ്യം ചെയ്‌തുവെന്ന് ശിവശങ്കര്‍ കോടതിയില്‍ പരാതിപ്പെട്ടു.

ശിവശങ്കര്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് ഇഡി:രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്‌താല്‍ ഇടവേള നല്‍കണമെന്ന് കോടതി ഇഡിയ്‌ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യസ്ഥിതി സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, ശിവശങ്കര്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 14) രാത്രി 11.45നാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'മുഖ്യമന്ത്രിക്കും പങ്കെന്ന് വിഡി സതീശന്‍':ഇഡി നടപടിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനെതിരായ ഇഡി നടപടി മുഖ്യമന്ത്രിയുടെ ഓഫിസിനെ വീണ്ടും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും കോഴ ഇടപാടില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ് റജിസ്റ്റർ ചെയ്‌തത്. ഫ്ലാറ്റ് നിര്‍മാണ ഇടപാടില്‍ നാല് കോടി 48 ലക്ഷത്തിന്‍റെ കോഴ നടന്നുവെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. എം ശിവശങ്കറിന് ഒരു കോടിയും മൊബൈല്‍ ഫോണും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവശങ്കറിനെതിരെ സന്തോഷ് ഈപ്പന്‍റെ മൊഴി:കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ ഇഡിയ്‌ക്ക് മൊഴി നല്‍കിയിരുന്നു. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി കോഴ നല്‍കിയെന്നാണ് മൊഴി. ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് നാല് കോടി 48 ലക്ഷം രൂപ നല്‍കിയതെന്നും ഇയാള്‍ ഇഡിയോട് പറഞ്ഞിരുന്നു.

ALSO READ|ലൈഫ് മിഷന്‍ അഴിമതി കേസ്: ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തു

കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ഇദ്ദേഹം കോഴപ്പണം കൈപ്പറ്റിയെന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനാണ് എന്നായിരുന്നു സ്വപ്‌ന സുരേഷിന്‍റെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി ഇഡി അറസ്റ്റ് ചെയ്‌തത്.

Last Updated : Feb 15, 2023, 9:25 PM IST

ABOUT THE AUTHOR

...view details