കേരളം

kerala

ETV Bharat / state

M Jayachandran Recalled Memories of S P Balasubrahmanyam എസ്‌പിബിയോട് തോന്നിയ ചെറിയൊരു ഈഗോ, അടുത്തറിഞ്ഞപ്പോൾ കുറ്റബോധം, പ്രിയ ഗായകന്‍റെ ഓർമകളിൽ എം ജയചന്ദ്രന്‍ - SPB

In Memoirs Of S P Balasubrahmanyam : തെന്നിന്ത്യയുടെ ഇതിഹാസ ഗായകന്‍ എസ്‌പി ബാലസുബ്രമണ്യത്തിന്‍റെ ഓര്‍മദിവസമാണ് വരുന്ന സെപ്‌റ്റംബര്‍ 25. എസ്‌പിബിയെ കുറിച്ച് ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ മനസ് തുറക്കുന്നു...

എം ജയചന്ദ്രന്‍റെ ഓർമകളിൽ എസ് പി ബി  എസ് പി ബാലസുബ്രഹ്മണ്യം  എം ജയചന്ദ്രൻ  എസ് പി ബി മൂന്നാം ചരമവാഷികം  M Jayachandran  S P Balasubrahmanyam  S P Balasubrahmanyam death Anniversary  M Jayachandran spb songs  SPB  എസ് പി ബി
M Jayachandran Recalled Memories of S P Balasubrahmanyam

By ETV Bharat Kerala Team

Published : Sep 22, 2023, 10:03 PM IST

Updated : Sep 24, 2023, 10:57 PM IST

എസ്‌പിബിയെ കുറിച്ച് എം ജയചന്ദ്രന്‍

എറണാകുളം :'ആലപിക്കും മുൻപ് താൻ സംവിധാനം ചെയ്‌ത ഗാനത്തിന്‍റെ ട്രാക്ക് എത്രയും പെട്ടെന്ന് തന്നെ എസ് പി ബിയെ കേൾപ്പിക്കണമെന്ന് നിർദേശം. അത് ഒരു കല്ല് കടിക്കും പോലെ അനുഭവപ്പെട്ടു. ഞാനെന്ന സംഗീത സംവിധായകനെ വിശ്വാസമില്ലാത്തതുകൊണ്ടാണോ എസ് പി ബി അങ്ങനെ സംസാരിച്ചതെന്നു സ്വയം തോന്നി. ആ തോന്നൽ മനസിൽ അങ്ങനെ കിടന്നു പുകഞ്ഞു. വേണ്ട ഈ ഗാനം എസ് പി ബി പാടണ്ട എന്ന തീരുമാനത്തിലേക്ക് വരെ ആ ഈഗോ എത്തി. എന്നാൽ, എന്‍റെ ഉള്ളിലെ അഹംഭാവം ആ വലിയ മനുഷ്യനു മുന്നിൽ അലിഞ്ഞ് ഇല്ലാതാവുകയാണുണ്ടായത്.' മലയാളികളുടെ പ്രിയ സംവിധായകൻ എം ജയചന്ദ്രന്‍റെ ഓർമകളിൽ എസ്‌പിബി എന്ന അനശ്വരനായ സംഗീതജ്‌ഞൻ പൊളിച്ചെഴുതിയത് ഒരു സംഗീത സംവിധായകന്‍റെ മുൻധാരണകളെയാണ്...

125 ഓളം ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്‌ത എം ജയചന്ദ്രൻ (Music Director M Jayachandran) രണ്ട് ഗാനങ്ങളാണ് എസ് പി ബാലസുബ്രഹ്മണ്യത്തോടൊപ്പം (Indian Playback Singer S P Balasubrahmanyam) മലയാളികൾക്ക് സമ്മാനിച്ചത്. സ്വപ്‌ന സാഫല്യം എന്ന് പറയാവുന്ന രണ്ട് ഗാനങ്ങൾ, അതിലേറെ ആരാധന.. സെപ്‌റ്റംബര്‍ 25ന് എസ് പി ബിയുടെ മൂന്നാം ചരമവാർഷികം വന്നെത്തുകയാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് എം ജയചന്ദ്രൻ...

ജയപ്രദയും രേവതിയും പ്രധാന വേഷത്തിലെത്തി എം എ നിഷാദ് സംവിധാനം ചെയ്‌ത കിണർ, എം പത്മകുമാർ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം ശിക്കാർ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് എം ജയചന്ദ്രന്‍റെ സംഗീതത്തിൽ എസ് പി ബി ഗാനം ആലപിച്ചത്. ഇതിൽ ആദ്യ ഗാനം തയ്യാറാക്കിയത് ശിക്കാറിന് വേണ്ടിയായിരുന്നു. എന്നാൽ ഓർക്കുമ്പോൾ മധുരവും കയ്‌പും തോന്നുന്ന നിമിഷങ്ങളാണ് എം ജയചന്ദ്രന് അന്നത്തെ ആ ഏതാനും ദിവസങ്ങൾ...ശിക്കാറിന്‍റെ ഗാനങ്ങൾ ഒരുക്കുന്ന സമയത്ത് എസ് പി ബിയുമായി ഉണ്ടായ ചെറിയൊരു ഈഗോ എം ജയചന്ദ്രൻ തുറന്നു പറഞ്ഞു.

ശിക്കാർ എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സമുദ്രകനിയുടെ കഴിഞ്ഞകാലം പറയുന്ന ഒരു രംഗമുണ്ട്. തെലുഗു നാടിന്‍റെ പശ്ചാത്തലത്തിൽ ഒരു വിപ്ലവഗാനത്തിന്‍റെ അകമ്പടിയോടെ ആ രംഗം സംവിധായകന് ചിത്രീകരിക്കേണ്ടതായുണ്ട്. അതിനായുള്ള 'പ്രതികടിഞ്ചു' എന്ന ഗാനത്തിന്‍റെ രചന പൂർത്തിയായി. എം ജയചന്ദ്രൻ അതിന് സംഗീതവും നൽകി. ട്രാക്ക് പാടി പൂർത്തിയായി കഴിഞ്ഞപ്പോൾ എസ് പി ബാലസുബമണ്യത്തെ കൊണ്ട് പാടിച്ചാൽ നന്നായിരിക്കും എന്ന് അണിയറ പ്രവർത്തകരോട് എം ജയചന്ദ്രൻ തന്നെയാണ് നിർദേശിച്ചത്. സംവിധായകൻ അടക്കം എല്ലാവർക്കും ആ നിർദേശം നന്നേ ബോധിച്ചു.

ആ ഒരാവശ്യം, എന്‍റെ തലയിലേയ്‌ക്ക് പല ചിന്തകളും ഇരച്ചുകയറി... എസ് പി ബാലസുബ്രമണ്യം ഈ ഗാനം ആലപിച്ചാൽ അതൊരു മഹാഭാഗ്യം തന്നെ. ഈ ഗാനം ആലപിക്കുന്നതിനായി എം ജയചന്ദ്രന്‍റെ മാനേജർ എസ് പി ബിയുമായി സംസാരിച്ചു. മോഹൻലാൽ ചിത്രം. മലയാള സിനിമ. അതിലുപരി ഒരു തെലുഗു പാട്ട്. എസ് പി ബി മറ്റൊന്നും ചിന്തിക്കാതെ തന്നെ സമ്മതം മൂളി. എന്നാൽ, ഗാനം റെക്കോർഡ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് എസ് പി ബിയുടെ മാനേജർ എം ജയചന്ദ്രനെ ഫോണിൽ വിളിച്ചു. ഗാനത്തിന്‍റെ ട്രാക്ക് എസ് പി ബിയെ കേൾപ്പിക്കാൻ ഡിവിഡി രൂപത്തിൽ ഫയൽ എത്തിക്കുക...

എസ് പി ബി തന്‍റെ ഗാനമാലപിക്കാൻ വരുന്നു എന്ന ആവേശവും സന്തോഷവും അവിടെ തീർന്നു. ഞാനെന്ന സംഗീത സംവിധായകനെ വിശ്വാസമില്ലാത്തതുകൊണ്ടാണോ അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് സ്വയം തോന്നിയതായി എം ജയചന്ദ്രൻ പറഞ്ഞു. ആ തോന്നലിന് പിന്നാലെ വേണ്ടാത്ത പല ചിന്തകളും നാലുഭാഗത്തുനിന്നും തലയിലേക്ക് ഇരച്ചു കയറി. ഒരുപാട് ആലോചിച്ച ശേഷം എസ് പി ബിയെ കൊണ്ട് ഈ ഗാനം പാടിക്കാൻ നിർബന്ധം ഉണ്ടോ എന്ന് ചിത്രത്തിന്‍റെ സംവിധായകനോട് ആരാഞ്ഞു. സംഗീത സംവിധായകന്‍റെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എം പത്മകുമാർ തീരുമാനം എം ജയചന്ദ്രന് വിട്ടുകൊടുത്തു. വേണ്ട ഈ ഗാനം എസ് പി ബി പാടണ്ട. നമുക്ക് മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാം..

സ്വയം നിന്നുരുകിയ നിമിഷം...അങ്ങനെയൊരു തീരുമാനമെടുത്തെങ്കിലും ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ജയചന്ദ്രനായില്ല. റെക്കോർഡ് ചെയ്യുന്നതിനായി എസ് പി ബി സ്റ്റുഡിയോയിൽ എത്തി. നേരെ ജയചന്ദ്രന്‍റെ തോളിൽ വന്ന് സ്പർശിച്ചു. നിങ്ങൾ കരുതും പോലെ എസ് പി ബി അതായത് ഞാൻ ഒരു മഹത്തായ ഗായകൻ ഒന്നുമല്ല. എസ് പി ബിക്ക് ധാരാളം പരിമിതികൾ ഉണ്ട്. എല്ലാ പാട്ടുകളും എനിക്ക് പാടാൻ ആകുമെന്ന ആത്മവിശ്വാസം എനിക്കില്ല. അതുകൊണ്ടാണ് ഗാനത്തിന്‍റെ ട്രാക്ക് ഞാൻ ആവശ്യപ്പെട്ടത്. ഗാനം കേട്ട് കഴിഞ്ഞിട്ട് തീരുമാനിക്കാമല്ലോ ഈ പാട്ട് എന്നെക്കൊണ്ട് പാടാൻ സാധിക്കുമോ ഇല്ലയോ എന്ന്. അല്ലാതെ മറ്റൊരു ഉദ്ദേശത്തിലും അല്ല ഞാൻ ട്രാക്ക് സിഡി ചോദിച്ചത്. ശേഷം ചെറുപുഞ്ചിരിയോടെ റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക് പോയി അദ്ദേഹം ആ ഗാനം മനോഹരമായി പാടി..

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ കേട്ട ആ നിമിഷം താൻ സ്വയം ഉരുകുകയായിരുന്നെന്ന് മലയാളികളുടെ പ്രിയ സംവിധായകൻ വെളിപ്പെടുത്തി. ഈ മനുഷ്യനെ കുറിച്ച് ആണല്ലോ ഞാൻ അങ്ങനെയെല്ലാം ചിന്തിച്ചു കൂട്ടിയത്. നമ്മൾ ആരെയും മനസിലാക്കാതെ ആരെക്കുറിച്ചും ഒരു മുൻധാരണ വയ്‌ക്കാൻ പാടില്ല. തന്‍റെ ഉള്ളിലെ അഹംഭാവം ആ വലിയ മനുഷ്യനു മുന്നിൽ അലിഞ്ഞ് ഇല്ലാതായി. എസ് പി ബിയെ പോലൊരു വലിയ മനുഷ്യന്‍റെ മഹത്വം അവിടെവച്ച് മനസിലാക്കി.

ഗാനഗന്ധർവ്വനും എസ്‌പിബിക്കുമൊപ്പമുള്ള 'അയ്യാ ചാമി' : രണ്ടാമതായി ഒന്നിച്ച് പ്രവർത്തിച്ച കിണർ എന്ന ചിത്രത്തിലെ ഗാനരംഗത്തിനുമുണ്ട് ഒരു പ്രത്യേകത. മലയാളത്തിന്‍റെ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസും എസ് പി ബിയും ചേർന്നാണ് ആ ഗാനം ആലപിച്ചത്. 'അയ്യാ ചാമി' എന്ന് തുടങ്ങുന്ന ആ ഗാനം മലയാളത്തിലെ എസ് പി ബിയുടെ അവസാന ഗാനങ്ങളിൽ ഒന്നായിരുന്നു. പാടുമ്പോൾ ഇരുവർക്കും മത്സര ബുദ്ധിയൊന്നും ഉണ്ടായിരുന്നില്ല. ഗാനത്തിലെ മലയാളം വരികൾ ദാസേട്ടനും തമിഴ് എസ് പി ബി യും ആലപിച്ചു. ഇരുവരും പാടുന്നത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഗാനത്തോടൊപ്പം അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരുന്നു.

Last Updated : Sep 24, 2023, 10:57 PM IST

ABOUT THE AUTHOR

...view details