എറണാകുളം:കളമശ്ശേരി നഗരസഭാ ഭൂമിയിൽ ഇടതുമുന്നണി നടത്തിവന്ന കുടിൽ കെട്ടി സമരം അവസാനിപ്പിച്ചു. ലൈഫ് പദ്ധതി നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കിൻഫ്രയ്ക്ക് സമീപം നഗരസഭയുടെ അഞ്ച് ഏക്കർ സ്ഥലത്ത് എൽ.ഡി.എഫിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കുടിൽ കെട്ടി സമരം നടന്നത്. 20ഓളം കുടിലുകളാണ് സ്ഥലത്ത് കെട്ടിയിരുന്നത്. സമരത്തെ തുടർന്ന് ലൈഫ് പദ്ധതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും, കങ്ങറ പടിയിൽ പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ ഉറപ്പ് നൽകിയതായും പ്രതിഷേധക്കാർ അറിയിച്ചു.
കളമശ്ശേരിയില്‍ എല്‍.ഡി.എഫിന്‍റെ കുടില്‍ കെട്ടി സമരം അവസാനിച്ചു - എറണാകുളം ലേറ്റസ്റ്റ് ന്യൂസ്
നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുമെന്ന് നഗരസഭ ഉറപ്പ് നൽകിയതായി പ്രതിഷേധക്കാർ അറിയിച്ചു.
ഇടതുമുന്നണിയുടെ സമരം വിജയിച്ചുവെന്നും കുടിൽ കെട്ടി സമരം അവസാനിപ്പിക്കുകയാണെന്നും സി.പി.എം. കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കും. കങ്ങറ പടിയിലെ ഒരേക്കർ മുപ്പത് സെന്‍റ് സ്ഥലത്താണ് വീട് നിർമ്മിക്കുന്നത് . ബാക്കിയുള്ളവർക്ക് വേണ്ടി രണ്ടു മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തും. ഇതിനു വേണ്ടിയുള്ള സബ്ബ് കമ്മിറ്റിയിൽ ഇടതുമുന്നണി അംഗങ്ങളെ ഉൾപ്പെടുത്തും. രണ്ട് മാസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ തീരുമാനം നേരത്തെ തന്നെ എടുത്തതാണെന്ന് നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ പ്രതികരിച്ചു.
അതേസമയം നഗരസഭ നൽകിയ പരാതിയെ തുടർന്ന് സമരക്കാരെ ഒഴിപ്പിക്കാൻ വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല. തൽക്കാലം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സമരം ചെയ്യുന്നവരുമായി നഗരസഭാ അധികൃതർ ചര്‍ച്ച നടത്തിയത്.