എറണാകുളം:ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം ആദ്യമായാണ് ശിവശങ്കര്‍ അന്വേഷണ ഏജന്‍സിക്ക് മുന്നിലെത്തുന്നത്.
ജനുവരി 31ന് സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം കേസിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ശിവശങ്കരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അദ്ദേഹം ഇഡിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് ഇഡി ശിവശങ്കറിന് കൈമാറിയത്.
ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയെന്നായിരുന്നു സ്വപ്‌ന സുരേഷ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴി.
എന്‍ഐഎ നേരത്തെ തന്‍റെ അക്കൗണ്ടില്‍ നിന്നും പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലൈഫ്‌മിഷന്‍ ഇടപാടില്‍ ലഭിച്ച കമ്മിഷന്‍ തുകയാണ്. കോഴ ഇടപാടിന്‍റെ മുഖ്യസൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നുമായിരുന്നു സ്വപ്‌നയുടെ പ്രധാന ആരോപണങ്ങള്‍.
വടക്കാഞ്ചേരിയില്‍ യുഎഇയുടെ സഹകരണത്തോടെ പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിനായി നിര്‍മാണ കരാര്‍ നല്‍കുന്നതിന് പ്രതികള്‍ യൂണിടാക്കില്‍ നിന്നും നിയമവിരുദ്ധമായി പണം വാങ്ങിയെന്നാണ് കേസ്. ഇതിന് പിന്നിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.