എറണാകുളം: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ.ഡി കസ്റ്റഡിയിലുള്ള മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഇന്ന് ഉച്ചയോടെ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഹാജരാക്കും. അതേസമയം, ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം ഇ.ഡി കോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത.
ഇ.ഡിയുടെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ എം ശിവശങ്കറിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ഇതേസമയം തന്നെ ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്‍റെ മൊഴിയും രേഖപ്പെടുത്തി. അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നില്‍ നല്‍കിയ മൊഴികള്‍ ശിവശങ്കറിന് എതിരാണെന്നാണ് സൂചന.
എം.ശിവശങ്കർ സ്വപ്‌ന സുരേഷുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു. റെഡ് ക്രസന്‍റിനെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് എത്തിക്കാൻ എം.ശിവശങ്കർ ഇടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചാറ്റുകൾ. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ സംശയത്തിലാക്കുന്ന പരാമർശങ്ങളും വാട്‌സ് ആപ്പ് ചാറ്റിലുണ്ടായിരുന്നു. ഇത് ഉള്‍പ്പടെയുള്ള സംക്ഷിപ്‌ത വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ഇ.ഡി ഇന്ന് കോടതിയില്‍ ഹാജരാക്കും.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14നാണ് എം ശിവശങ്കറിന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ്‌ക്രസന്‍റ് അനുവദിച്ച പണം ഉപയോഗിച്ച് 140 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, എന്നിവരുള്‍പ്പടെയുള്ള പ്രതികള്‍ക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി കൈക്കൂലി നല്‍കിയിരുന്നുവെന്ന് യൂണിടാക് മാനേജിങ് ഡയറക്‌ടര്‍ സന്തോഷ് ഈപ്പന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്ക് കേസില്‍ പങ്കുണ്ടെന്നും പ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവര്‍ പറഞ്ഞിരുന്നു. ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ പദ്ധതിയില്‍ ശിവശങ്കറിന് ലഭിച്ച കമ്മീഷന്‍ ആണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യലില്‍ ഓരോ രണ്ട് മണിക്കൂറിലും വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശം കോടതി നല്‍കി. ഇന്ന് ഹാജരാക്കുമ്പോള്‍ ഈ നിര്‍ദേശം പാലിക്കപ്പെട്ടോയെന്ന കാര്യത്തില്‍ ശിവശങ്കറില്‍ നിന്നും നേരിട്ടാകും കോടതി വിവരം തേടുക.
കഴിഞ്ഞ പ്രാവശ്യം കോടതിയില്‍ ഹാജരാക്കിയ സാഹചര്യത്തില്‍ ഇ.ഡിക്കെതിരെ ശിവശങ്കര്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്‌ത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കി എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഭക്ഷണം കഴിക്കാൻ ശിവശങ്കർ തയ്യാറാകുന്നില്ലെന്ന് ഇ.ഡിയും കോടതിയെ അറിയിച്ചിരുന്നു.