എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്‍റ് ഡറക്ടറേറ്റ് നിർബന്ധിച്ചതായി പ്രതി സന്ദീപ് നായർ. മറ്റു ചില മന്ത്രിമാരുടെ പേരുകളും ഒരു ഉന്നത നേതാവിന്‍റെ മകന്‍റെ പേരും പറഞ്ഞാൽ ജാമ്യാപേക്ഷയെ എതിർക്കില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണൻ നിര്‍ദേശിച്ചതായും ജില്ലാ സെഷൻസ് കോടതി ജഡ്‌ജിക്ക് അയച്ച കത്തിൽ സന്ദീപ് നായർ വെളിപ്പെടുത്തി.
ഇതിനു വേണ്ടി സമ്മർദം ചെലുത്തുകയും പല വിധത്തിൽ പീഡിപ്പിക്കുകയും ഭീണിപ്പെടുത്തുകയും ചെയ്തു. ഇഡിയുടെ കസ്‌റ്റഡിയിൽ ഉറങ്ങാൻ പോലും അനുവദിക്കാതെ പീഡിപ്പിച്ചു, അവർ പറയുന്നതിനനുസരിച്ച് മൊഴി നൽകാനാവില്ലെന്നും പുറത്ത് തനിക്ക് കുടുംബമുണ്ടെന്നും പറഞ്ഞപ്പോള്‍ ഭീഷണി തുടർന്നെന്നും ഇഡിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തരാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണൻ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ സന്ദീപ് നായർ പറയുന്നു
സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി സിനിമാ കഥകളെ വെല്ലുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണന്‍റെ ഭാവനയ്‌ക്ക് അനുസരിച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഇഡിയുടെ കസ്‌റ്റഡിയിൽ ഉണ്ടായിരുന്ന വേളയിൽ കസ്‌റ്റംസിന് 108 പ്രകാരം നൽകിയ മൊഴി അവർ പകർത്തി എഴുതുകയും അവരുടെ ഇഷ്‌ട പ്രകാരം ചില കാര്യങ്ങൾ കൂടി എഴുതി ചേർത്ത് നിർബന്ധിച്ച് ഒപ്പ് വയ്‌പ്പിക്കുകയുമായിരുന്നെന്ന് സന്ദീപ് നായർ കൂട്ടിച്ചേർത്തു. അതേസമയം സ്വർണക്കടത്തിന് പണം നിക്ഷേപിച്ച ഒരാളെ പോലും പ്രതി ചേർത്തില്ലെന്നും തന്നെ പോലെയുള്ള ബലിയാടുകൾ ഇത്തരം കേസുകളിലുണ്ടാകുമെന്നും അവർ പറയുന്നതിനനുസരിച്ച് മൊഴി നൽകിയില്ലെങ്കിൽ കേസ് കഴിയുന്നത് വരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞതായും സന്ദീപ് നായർ കത്തിൽ പറഞ്ഞു.
പറയുന്നതിനനുസരിച്ച് മൊഴി നൽകിയാൽ നല്ല വക്കീലിനെയടക്കം ഏർപ്പാടാക്കി തരാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായും സന്ദീപ് നായർ ആരോപിച്ചു. സന്ദീപ് നായരുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിർണായക വെളിപ്പെടുത്തലുമായി ജില്ല സെഷൻസ് ജഡ്ജിക്ക് സന്ദീപ് നായർ കത്തയച്ചത്.