കേരളം

kerala

ETV Bharat / state

ലൈലത്തുൽ ഖദ്റിന്‍റെ പുണ്യം തേടി വിശ്വാസികൾ - Laylat al-Qadr

ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ രാത്രിയാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണയ രാവ് എന്നാണ് വിശ്വാസം.

ലൈലത്തുൽ ഖദ്ർ  laylatul qadr  laylatul qadr 2021  ramadan  eid ul fit  പുണ്യം തേടി വിശ്വാസികൾ  വ്രത വിശുദ്ധി
ലൈലത്തുൽ ഖദ്റിന്‍റെ പുണ്യം തേടി വിശ്വാസികൾ

By

Published : May 8, 2021, 10:47 PM IST

എറണാകുളം: ലൈലത്തുൽ ഖദ്റിന്‍റെ പുണ്യം തേടി ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് പ്രാർഥനയിൽ മുഴുകും. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ രാത്രിയാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണയ രാവ് എന്നാണ് വിശ്വാസം. വിശുദ്ധ റമദാനിലെ അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഇരുപത്തിയാറ് പകലുകൾക്കും തറാവീഹ് ഉൾപ്പടെയുള്ള ആരാധനയിൽ ധന്യമായ രാവുകൾക്കും ശേഷമാണ് വിമലീകരിക്കപെട്ട മനസുമായി ഇരുപത്തിയേഴാം രാവിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നത്.

വ്രത വിശുദ്ധിയുടെ കാലത്തെ ഏറ്റവും പുണ്യമേറിയ രാത്രി

ഇരുപത്തിയേഴാം ദിനത്തിലെ വ്രതത്തിന് മറ്റ് ദിവസങ്ങളിലേതിനേക്കാൾ മഹത്വമുണ്ട്. വ്രത വിശുദ്ധിയുടെ ദിനരാത്രികളിൽ ഏറ്റവും പുണ്യമേറിയത് ഇരുപത്തിയേഴാം രാവിനാണന്നാണ് ഇസ്ലാമിക വിശ്വാസം. ഇന്നത്തെ രാത്രി വിശ്വാസികൾ ഉറക്കമൊഴിച്ച് പ്രാർഥനാനിരതരാകും. കൊവിഡ് മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായും വിശ്വാസികൾ പ്രത്യേക പ്രാർഥന നടത്തും.

ലൈലത്തുൽ ഖദ്റിന്‍റെ പുണ്യം തേടി വിശ്വാസികൾ

Also Read:അനാവശ്യമായി പുറത്തിറങ്ങേണ്ട... പൊലീസ് കേസെടുക്കും

ലൈലത്തുൽ ഖദ്ർ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന മുഹൂർത്തമാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏത് രാത്രിയാണന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ ഒറ്റയിട്ട രാവുകളിൽ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ഇതിൽ തന്നെ കൂടുതൽ സാധ്യത റമദാൻ ഇരുപത്തിയേഴാം രാവിനാണ് കൽപിച്ചത്. ഇതു തന്നെയാണ് റമദാൻ ഇരുപത്തിയേഴാം രാവിന് വിശ്വസികൾ അമിത പ്രാധാന്യം നൽകുന്നതിന്‍റെ കാരണം. റമദാൻ മാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടുവെന്നതാണ്. ഖുർആൻ അവതരണത്തിന്‍റെ വാർഷികാഘോഷം കൂടിയാണ് റമദാൻ മാസം.

ഇത്തവണ പ്രാർഥനാ സദസുകൾ ഓൺലൈൻ വഴി

ലൈലത്തുൽ ഖദ്ർ രാത്രിയിലാണ് ഖുർആന്‍റെ അവതരണമെന്ന്‌ സൂക്തങ്ങളിലും പരാമർശിക്കുന്നുണ്ട്. ഈ പുണ്യമേറിയ രാത്രിയിൽ നന്മയിൽ മുഴുകി ആത്മീയ വിജയം നേടാനുള്ള പ്രാർഥനയിലാണ് ഒരോ വിശ്വാസികളും സജീവമാകുന്നത്. സാധാരണ റമദാൻ ഇരുപത്തിയേഴാം രാവിൽ ജനലക്ഷങ്ങൾ ഒത്തുചേരുന്ന സംഗമങ്ങളും പള്ളികളിൽ വലിയ പ്രാർഥനകളും നടക്കാറുണ്ട്. കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾ ഒത്തുകൂടുന്നതിന് വിലക്കുമുള്ളതിനാൽ ഓൺലൈൻ വഴി നടക്കുന്ന പ്രാർഥനാസദസുകളിലാണ് വിശ്വാസികൾ പങ്കെടുക്കുക. റമദാൻ ഇരുപത്തിയേഴ് പിന്നിടുന്നതോടെ വിശ്വാസികൾ സാധാരണ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുകയാണ് പതിവ്. ഇത്തവണ ആഘോഷങ്ങൾ വീടുകളിൽ നിർവ്വഹിക്കുന്ന പെരുന്നാൾ നിസ്ക്കാരത്തിൽ ഒതുങ്ങും. ഇത്തവണത്തെ പെരുന്നാളും ഏറ്റവും ലളിതമായിരിക്കണമെന്നാണ് മത നേതാക്കൾ വിശ്വാസികൾക്ക് നൽകിയ നിർദേശം.

ABOUT THE AUTHOR

...view details