എറണാകുളം: കുട്ടമ്പുഴയാറില്‍ കാട്ടാനക്കൂട്ടത്തിന്‍റെ നീരാട്ട്. കോതമംഗലത്തിന് സമീപം സത്രപ്പടിയിലെ പുഴയോരത്താണ് പത്ത് കരിവീരന്മാര്‍ കുളിക്കാനെത്തുന്നത്. കുളി കഴിഞ്ഞ് കാട് കയറാൻ മണിക്കൂറുകള്‍ വേണമെന്ന് മാത്രം.ഇതോടെ സത്രപ്പടി ഭാഗം കാട്ടാനക്കൂട്ടങ്ങളുടെ സ്ഥിരം വിഹാര കേന്ദ്രമായ മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളത്തിന്‍റെ തനിപ്പകർപ്പായി മാറി. പകല്‍ സമയത്താണ് ആനകളുടെ നീരാട്ട്.
കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി കുട്ടമ്പുഴ - kuttambuzha becomes hub for wild animals
കോതമംഗലത്തിന് സമീപം സത്രപ്പടിയിലെ പുഴയോരത്ത് പത്ത് കരിവീരന്മാരാണ് തമ്പടിക്കുന്നത്.
കുട്ടമ്പുഴയിൽ ടൂറിസം വികസനം നടപ്പാക്കണമെന്നാവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. പ്രകൃതിയൊരുക്കുന്ന ഈ കൗതുക കാഴ്ചകള്‍ കാണാൻ പറ്റിയ ഇടമായി മാറിയിരിക്കുകയാണ് കുട്ടമ്പുഴ . സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്നതിനാല്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി പ്രദേശം മാറുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ചൂട് വർദ്ധിച്ചാൽ ആനകൾ കാടു വിട്ട് പുഴയോരങ്ങളിൽ തമ്പടിക്കുന്നത് സാധാരണമാണെങ്കിലും ദിവസേന എത്തുന്നത് പതിവല്ല. പകൽ സമയം മുഴുവനും ഇവിടെ തമ്പടിച്ച് സന്ധ്യ മയങ്ങുമ്പോഴാണ് ആനകൾ കാടു കയറുന്നത് . ആനക്കുളത്തിന് സമാനമായി ആനകളെ ആകർഷിക്കുന്നതെന്തോ ഇവിടെയുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മനോഹര ദൃശ്യം ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.